രാജ്യത്ത് കൊവിഡ് വാക്സിനുകള്‍ പാഴാക്കുന്ന നിരക്ക് കുത്തനെ കുറഞ്ഞു

By Web Team  |  First Published May 22, 2021, 10:30 PM IST

രണ്ടാം തരംഗം രാജ്യത്ത് കടുത്ത രീതിയിലുള്ള രോഗ വ്യാപനത്തിന് കാരണമായതോടെ വാക്സിന്‍ എടുക്കുന്നതില്‍‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതാണ് വാക്സിന്‍ പാഴാകുന്നത് കുത്തനെ കുറയുവാന്‍ ഇടയാക്കിയത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനുകള്‍ പാഴാക്കുന്ന നിരക്ക് കുത്തനെ കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മാര്‍ച്ച് 1ന് 8 ശതമാനമായിരുന്നു രാജ്യത്തെ കൊവിഷീല്‍ഡ് വാക്സിന്‍റെ പാഴാക്കല്‍ നിരക്ക് ഇത് മെയ് 21ലെ കണക്ക് അനുസരിച്ച് 1 ശതമാനമായി. അതുപോലെ തന്നെ കൊവാക്സിന്‍റെ പാഴാക്കല്‍ നിരക്ക് മാര്‍ച്ച് 1ന് പതിനേഴ് ശതമാനമാണെങ്കില്‍ ഇപ്പോള്‍ അത് 4 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. 

രണ്ടാം തരംഗം രാജ്യത്ത് കടുത്ത രീതിയിലുള്ള രോഗ വ്യാപനത്തിന് കാരണമായതോടെ വാക്സിന്‍ എടുക്കുന്നതില്‍‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതാണ് വാക്സിന്‍ പാഴാകുന്നത് കുത്തനെ കുറയുവാന്‍ ഇടയാക്കിയത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Latest Videos

undefined

അതേ സമയം തന്നെ രാജ്യത്തെ രോഗ നിര്‍ണ്ണയ നിരക്കും കുറയുകയാണ്. മെയ് പത്തിന് രാജ്യത്തെ രോഗ നിര്‍ണ്ണയ നിരക്ക് 24.83 ശതമാനം ആയിരുന്നെങ്കില്‍ മെയ് 22 ആകുമ്പോഴേക്കും അത് 12.45 ശതമാനം ആയിട്ടുണ്ട്. രാജ്യത്താകമാനം രോഗ നിര്‍ണ്ണയ നിരക്ക് കുറഞ്ഞിട്ടുണ്ട് എന്നാണ് നീതി ആയോഗ് അംഗം വികെ പോള്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ 382 ജില്ലകളില്‍ ഇപ്പോഴും രോഗ നിര്‍ണ്ണയ നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

അതേ സമയം എട്ട് സംസ്ഥാനങ്ങളില്‍ ഇപ്പോഴും സജീവമായ കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിന് മുകളിലാണ്. 18 സംസ്ഥാനങ്ങളില്‍ രോഗ നിര്‍ണ്ണയ നിരക്ക് 15 ശതമാനത്തില്‍ കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറയുന്നത്. അതേ സമയം കുട്ടികളില്‍ രോഗം പടരുന്നുണ്ടെങ്കിലും അവരില്‍ ലക്ഷണം കാണിക്കുന്നതും, അവര്‍ക്കിടയിലെ മരണനിരക്കും കുറവാണെന്നും കേന്ദ്രം അറിയിക്കുന്നു.
 

click me!