പുതിയ വാക്സിൻ നയത്തിൽ മാറ്റമില്ല; സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്നും കേന്ദ്രം

By Web Team  |  First Published Apr 24, 2021, 6:38 PM IST

പുതിയ വാക്സിൻ നയത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു


ദില്ലി: പുതിയ വാക്സിൻ നയത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്സിനേഷൻ സെൻററുകളുടെ എണ്ണം കൂട്ടാനും കേന്ദ്രം ആവശ്യപ്പെട്ടു.  

50 ശതമാനം വാക്സീൻ സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രത്തിൻറെ പുതുക്കിയ നയത്തിനെതിരെ സംസ്ഥാനങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ. സംസ്ഥാനങ്ങൾ വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു.

Latest Videos

undefined

അടുത്ത വാക്സിനേഷൻ മെയ് ഒന്നിന് തുടങ്ങാനിരിക്കെ വാക്സിനേഷൻ ഊർജ്ജിതമാക്കാൻ ഉള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെക്കുന്നു.  സ്വകാര്യ ആശുപത്രികളും, സ്വകാര്യ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ വാക്സീൻ കേന്ദ്രങ്ങൾ ഒരുക്കണം. 

വാക്സീൻ വാങ്ങിയിട്ടുള്ള സ്വകാര്യ ആശുപത്രികളെ കൊവിൻ ആപ്പിൽ പ്രത്യേകം രേഖപ്പെടുത്തണം. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അവരുടെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനിടെ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഷീല്‍ഡിനായി നല്‍കേണ്ടു വരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

ഒരു ഡോസ് വാക്സീന് അറുനൂറ് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടണ്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ കൊവിഷീല്‍ഡ് നേരിട്ട് വാങ്ങുന്നത് ഇതിലും താഴെ നിരക്കിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. 

വിഷയത്തിൽ വിശദീകരണവുമായി കൊവിഷീൽഡ് ഉത്പാദകരായ സീറം ഇൻസ്റ്റിട്യൂട്ട് രംഗത്ത് വന്നു. ഈ താരതമ്യം ശരിയല്ലെന്നും, നിലവിൽ കൊവിഷീൽഡാണ് ഏറ്റവും വില കുറഞ്ഞ വാക്സീൻ എന്നും സീറം അവകാശപ്പെട്ടു. 600 രൂപ നിരക്കിൽ സ്വകാര്യ ആശുപത്രികൾക്ക നൽകുന്ന വാക്സീന് പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
 

click me!