ദേശീയ ലോക്ക്ഡൗൺ സമയത്ത് ഈ രംഗത്തെ ഓർഡറുകൾ 60-70% വരെ കുറഞ്ഞിരുന്നു.
മുംബൈ: ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പരസ്യ കാമ്പെയ്നുകളും ഓഫറുകളുമായി വിപണിയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ ലോക്ക്ഡൗണുകൾ തുടരുന്നതിനാലും റെസ്റ്റാറന്റുകൾ ഭാഗികമായി തുറന്നതിനാലും ഓൺലൈൻ ഭക്ഷ്യ വിതരണ ബിസിനസ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടൽ വർധിക്കാനിടയുണ്ട്. ഉപഭോക്താക്കളെ വീണ്ടും ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന തന്ത്രത്തെ മുൻ നിർത്തിയുളള ഓഫറുകളും കാമ്പെയ്നുകളും പ്രഖ്യാപിക്കാൻ കമ്പനികൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ഈ പ്രക്രിയയിൽ, വീട്ടിൽ കൂടുതൽ മണിക്കൂർ ചെലവഴിക്കുന്ന ഉപയോക്താക്കളുടെ ആവശ്യം പുനരുജ്ജീവിപ്പിക്കാനും, ഇതിലൂടെ ഭക്ഷ്യ, കാറ്ററിംഗ് ബിസിനസ്സ് രംഗത്തെ സഹായിക്കാനും കഴിയുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. സോമാറ്റോയും സ്വിഗ്ഗിയും മെയ് മാസത്തിൽ അനേകം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദേശീയ ലോക്ക്ഡൗൺ സമയത്ത് ഈ രംഗത്തെ ഓർഡറുകൾ 60-70% വരെ കുറഞ്ഞിരുന്നു.
പ്രധാനമായും റെസ്റ്ററന്റുകൾ അടഞ്ഞുകിടന്നിരുന്നതിനാലാണ് ഈ അവസ്ഥയുണ്ടായത്. സോമാറ്റോ, അവരുടെ പുതിയ ടിവി പരസ്യത്തിൽ, സാമൂഹിക അകലം പാലിച്ചുളള ഭക്ഷണ വിതരണത്തെക്കുറിച്ചും അതിന് കമ്പനി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇത്തരം കാമ്പെയ്നുകളിലൂടെയും സുരക്ഷാ മുൻകരുതലിലൂടെയും ഭക്ഷണ വിതരണ രംഗം സജീവമാക്കാനാണ് കമ്പനികളുടെ പദ്ധതി.