സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ വോഡഫോൺ-ഐഡിയയുടെ ഓഹരിയിൽ 2.65 ശതമാനം വർധനവുണ്ടായി.
ദില്ലി: വോഡഫോൺ ഐഡിയക്ക് 833 കോടി നൽകാനുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ടെലികോം കമ്പനിക്ക് അനുകൂലമായി നിലപാടെടുത്തത്.
പണം തിരികെ നൽകാതെ തടഞ്ഞുവെച്ച ധനകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരായാണ് വിധി. ഇത്തരത്തിൽ പണം തടഞ്ഞുവെക്കാനുള്ള നിയമ പ്രാബല്യം പ്രസ്തുത ഇടപാട് നടന്ന 2014-15 കാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ബോംബെ ഹൈക്കോടതി ഈ മാസമാദ്യം വിധിയെഴുതിയത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇൻകം ടാക്സ് വകുപ്പ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. അധികമായി അടച്ച പണം തിരികെ നൽകാതെ ഭാവി നികുതിക്കായി തടഞ്ഞുവെക്കാനുള്ള അധികാരം, ഐടി നിയമത്തിലെ 241 എ വകുപ്പ് പ്രകാരം ഇപ്പോൾ ഉദ്യോഗസ്ഥർക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ വോഡഫോൺ-ഐഡിയയുടെ ഓഹരിയിൽ 2.65 ശതമാനം വർധനവുണ്ടായി.