ആമസോൺ ഡവലപ്മെന്റ് സെന്ററിൽ സീനിയർ ഓപറേഷൻസ് മാനേജരായിരുന്നു വിജയ് ഗോപാൽ.
ഹൈദരാബാദ്: ആമസോൺ ഡവലപ്മെന്റ് സെന്റർ ഹൈദരാബാദിൽ നിന്നും ജീവനക്കാരനെ പിരിച്ചുവിട്ട നടപടിക്കെതിരെ സംസ്ഥാന ലേബർ വകുപ്പിനോട് അന്വേഷണം നടത്താൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ആമസോണിലെ മുൻ ജീവനക്കാരനായ വിജയ് ഗോപാലാണ് പരാതിക്കാരൻ. നാലാഴ്ചക്കകം തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണം.
ആമസോൺ ഡവലപ്മെന്റ് സെന്ററിൽ സീനിയർ ഓപറേഷൻസ് മാനേജരായിരുന്നു വിജയ് ഗോപാൽ. കമ്പനിയുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ടുള്ള തൊഴിൽ നിയമ ലംഘനത്തോട് പ്രതിഷേധിച്ചതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് വിജയ് ആരോപിക്കുന്നു.
നവംബർ 27 നാണ് വിജയിയെ പിരിച്ചുവിട്ട് കൊണ്ടുള്ള കത്ത് നൽകിയത്. നാല് വർഷമായി കമ്പനിയിൽ എൽ5 ഓപറേഷൻസ് മാനേജരായിരുന്നു ഇദ്ദേഹം. മാനേജേരിയൽ വിഭാഗത്തിലെ ജീവനക്കാരുടെ പ്രവർത്തന സമയം, ഓവർടൈം എന്നിവ കണക്കാക്കുന്നതിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയതിനാണ് തന്നെ പുറത്താക്കിയതെന്നാണ് വിജയുടെ ആരോപണം. തനിക്ക് തന്ന പിരിച്ചുവിടൽ അറിയിപ്പിൽ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തന്റെ സേവനം ആവശ്യമില്ലെന്നാണ് കമ്പനി കത്തിൽ പറഞ്ഞിരിക്കുന്നത്. തെലങ്കാന ലേബർ കമ്മീഷണർക്ക് താൻ പരാതി നൽകിയതിനാണ് പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്നും വിജയ് പറയുന്നു.