നെസ്‌ലെയ്ക്കും ബക്കാർഡിക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റ ബിസിനസ് പ്രതിഭ: ജോര്‍ജ് പോള്‍ എന്ന മലയാളിയുടെ മുന്നേറ്റങ്ങള്‍

By Anoop Pillai  |  First Published Nov 26, 2019, 3:18 PM IST

ഇന്ന് 2,000 കോടി രൂപയ്ക്ക് മുകളിലാണ് സിന്തൈറ്റിന്‍റെ ആകെ വിറ്റുവരവ്. കോലഞ്ചേരിയിലെ കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ആഗോളതലത്തിലേക്കുള്ള സിന്തൈറ്റിനുണ്ടായ വന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍ സി വി ജേക്കബിനൊപ്പം ശക്തമായ സാന്നിധ്യമായിരുന്നു ജോര്‍ജ് പോള്‍. 


പ്രമുഖ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന നിര്‍മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറായിരുന്ന ജോര്‍ജ് പോള്‍ വിടവാങ്ങി. സുഗന്ധവ്യഞ്ജനങ്ങളുടെ സത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ലോകോത്തര കമ്പനികളില്‍ ഒന്നാമതുള്ള സിന്തൈറ്റിന്റെ തുടക്കം 1972ല്‍ ബ്ലാക് പെപ്പര്‍ ഒലിയോറെസിന്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടായിരുന്നു.

സിന്തൈറ്റ് ഗ്രൂപ്പിന്‍റെ സ്ഥാപകനായ സി വി ജേക്കബിന്‍റെ സഹോദരി പുത്രനാണ് അന്തരിച്ച ജോര്‍ജ് പോള്‍. 2015 മുതല്‍ ഒന്നര വര്‍ഷക്കാലം ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. 

Latest Videos

undefined

കഴിഞ്ഞ ഒരു വര്‍ഷമായി അസുഖ ബാധിതതനായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകത്ത് അതിവേഗ മാറ്റങ്ങള്‍ക്ക് ഇടയാകുന്ന വ്യവസായ മേഖലയായ ഭക്ഷ്യവിപണിയില്‍ പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് സിന്തൈറ്റിനെ മുന്നോട്ട് നയിക്കുന്നതില്‍ ജോര്‍ജ് പോളിന്‍റെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു. റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി, വിന്‍ഡ് എനര്‍ജി തുടങ്ങിയ മേഖലകളിലും  ഗ്രൂപ്പിനെ സജീവമാക്കിയതും ഈ പ്രതിഭാശാലിയാണ്. കേരളത്തിലെ ജനപ്രിയമായ കിച്ചണ്‍ ട്രഷേഴ്‌സ്, സ്പ്രിഗ് എന്നീ രണ്ട് റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ സിന്തൈറ്റിന്‍റേതാണ്. 

20 ല്‍ നിന്ന് 3,000 ത്തിലേക്ക്

2017 മുതല്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്‍റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. 95 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സിന്തൈറ്റിന് ഇന്ന് ചൈന, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം എന്നിവടങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ബ്രസീലിലും ചൈനയിലും ഗ്രൂപ്പിന് സ്വന്തമായി ഫാക്ടറികളും ഉണ്ട്. 1972 ല്‍ 20 പേരുമായി തുടങ്ങിയ കമ്പനിയില്‍ ഇന്ന് പ്രത്യക്ഷമായി 3,000 ജീവനക്കാര്‍ ജോലി ചെയ്യുന്നു. 2015 ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി ഗവര്‍ണര്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. വ്യവസായ രംഗത്ത് നിന്നുളള പ്രതിനിധിയായാണ് ജോര്‍ജ് പോളിനെ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 

ഇന്ന് 2,000 കോടി രൂപയ്ക്ക് മുകളിലാണ് സിന്തൈറ്റിന്‍റെ ആകെ വിറ്റുവരവ്. കോലഞ്ചേരിയിലെ കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ആഗോളതലത്തിലേക്കുള്ള സിന്തൈറ്റിനുണ്ടായ വന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍ സി വി ജേക്കബിനൊപ്പം ശക്തമായ സാന്നിധ്യമായിരുന്നു ജോര്‍ജ് പോള്‍. സി വി ജേക്കബിന്‍റെ മകനായ ഡോ. വിജു ജേക്കബ് ആണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ഗ്രൂപ്പിന്‍റെ തലപ്പത്തേക്ക് എത്തിയത്. 2020-21 സാമ്പത്തികവര്‍ഷം 3000 കോടി രൂപയുടെ വിറ്റുവരവിലേക്ക് സ്ഥാപനത്തെ നയിക്കുക എന്ന വെല്ലുവിളിയാണ് ഡോ. വിജു ജേക്കബ് ഏറ്റെടുത്തിരിക്കുന്നത്.

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന വിപണിയില്‍ ലോകത്ത് ഇന്ന് 30 ശതമാനം വിപണി വിഹിതം കൊച്ചി ആസ്ഥാനമായ ഗ്രൂപ്പിനുണ്ട്. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഒലിയോറെസിൻ ബിസിനസ്സ് തുടക്കത്തിൽ ആരംഭിച്ചത്. നെസ്‌ലെ, ബക്കാർഡി, പെപ്‌സി എന്നിവ ഇന്ന് കമ്പനിയുടെ പ്രധാന ക്ലൈന്‍റുകളാണ്. 2012-ലാണ് ചൈനയിലെ സിൻജിയാങ്ങിൽ സിന്തൈറ്റ് തങ്ങളുടെ ആദ്യത്തെ വിദേശ ഉൽപാദന കേന്ദ്രം സ്ഥാപിച്ചത്. ഈ ഉല്‍പാദന കേന്ദ്രത്തിന് ഇന്ന് പ്രതിവർഷം 550 ടൺ ഉൽപാദന ശേഷിയുണ്ട്.

click me!