ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിൽ മാരുതി സുസുകിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ: ജാപ്പനീസ് കമ്പനിയായ സുസുകി മോട്ടോർ കോർപറേഷൻ, മാരുതിയുടെ കൂടുതൽ ഓഹരികൾ വാങ്ങി. 2,84,322 ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ കമ്പനിയുടെ ആകെ ഓഹരി 56.37 ശതമാനത്തിലേക്ക് ഉയർന്നു. നേരത്തെ 56.28 ശതമാനം ഓഹരിയായിരുന്നു സുസുകിയുടെ കൈവശം ഉണ്ടായിരുന്നത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിൽ മാരുതി സുസുകിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 204.31 കോടി രൂപയാണ് ഇത്രയും ഇക്വിറ്റി ഓഹരികൾ വാങ്ങാൻ സുസുകി മോട്ടോർ കോർപറേഷൻ ചെലവാക്കിയത്. ഈ വർഷം മാർച്ച് മാസത്തിലും 211000 ഓഹരികൾ സുസുകി വാങ്ങിയിരുന്നു. അന്ന് 134.26 കോടി രൂപയാണ് ചെലവാക്കിയത്. ഇതിലൂടെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 56.21 ശതമാനമായി ഉയർന്നിരുന്നു.
ലോക്ക്ഡൗണിൽ വൻ തിരിച്ചടിയേറ്റ കമ്പനിക്ക് കഴിഞ്ഞ മാസങ്ങളിൽ നേട്ടമുണ്ടാക്കാനായിരുന്നു. ജൂലൈയിൽ 15 ശതമാനമായിരുന്നു കമ്പനിയുടെ വളർച്ച. ഓഗസ്റ്റിലിത് 17 ശതമാനത്തിലേക്ക് ഉയർന്നു. എൻട്രി ലെവൽ സെഗഗ്മെന്റിലെ വൻ വിൽപ്പനയാണ് നേട്ടമായത്. ഓൾട്ടോ, എസ് പ്രസോ കാറുകൾക്ക് കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിൽ ഡിമാന്റ് ഉയർന്നിരുന്നു.