ഇന്നലെ 694.95 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ഒരാഴ്ചയ്ക്കിടെ 15.74 ശതമാനം വളർച്ചയും ഒരു മാസത്തിനിടെ 140 ശതമാനം വളർച്ചയും ഈ ഓഹരി നേടി.
മുംബൈ: മൂന്നു മാസം കൊണ്ട് ഒരു ലക്ഷം 13 ലക്ഷം ആയി. പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങിനെയൊന്നുണ്ടായി. എസ് ഇ എൽ മാനുഫാക്ചറിങ് കമ്പനിയുടെ ഓഹരികളാണ് മൂന്നുമാസത്തിനിടെ വൻ നേട്ടം ഉണ്ടാക്കിയത്. ഓഹരി മൂല്യം 1218 ശതമാനം വളർന്നു. 2022 ജനുവരി 18 ന് 55.35 രൂപയായിരുന്നുഓഹരി വില. ഇന്ന് ഓഹരി വിപണിയിൽ എസ് ഇ എൽ മാനുഫാക്ചറിങ് കമ്പനിയുടെ ഒരു ഓഹരിയുടെ മൂല്യം 729.65 രൂപയാണ്. ഇത് വച്ച് കണക്കാക്കുമ്പോൾ മൂന്നു മാസം മുൻപ് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകന്റെ ഇന്നത്തെ ആസ്തി 13.18 ലക്ഷം ആയിരിക്കും.
ബോംബെ ഓഹരി സൂചിക ഇതേസമയത്ത് 5.77 ശതമാനം താഴേക്ക് പോയി എന്നതുകൂടി പരിഗണിക്കുമ്പോഴാണ് ഈ ഓഹരിയിൽ നിന്ന് നിക്ഷേപകന് കിട്ടിയ വലിയ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക. ഇന്നലെ 694.95 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ഒരാഴ്ചയ്ക്കിടെ 15.74 ശതമാനം വളർച്ചയും ഒരു മാസത്തിനിടെ 140 ശതമാനം വളർച്ചയും ഈ ഓഹരി നേടി. 2417 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 2021 മാർച്ച് എട്ടിന് വെറും 1.14 രൂപയായിരുന്നു കമ്പനിയുടെ ഓഹരി മൂല്യം. ഇതൊക്കെയാണെങ്കിലും ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. ഈ കമ്പനി നിരന്തരം നഷ്ടം നേരിടുന്ന ഒരു കമ്പനിയാണ്. കഴിഞ്ഞ എട്ടു സാമ്പത്തിക വർഷങ്ങളിൽ 7 ലും നഷ്ടമായിരുന്നു കമ്പനിയുടെ ബാലൻസ്. ഇതൊരു മൾട്ടി പ്രൊഡക്ട് ടെക്സ്റ്റൈൽസ് കമ്പനിയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളും ടവലകളും ആണ് കമ്പനി നിർമ്മിക്കുന്നത്.