ഇതിന് മേൽനോട്ടം വഹിക്കാനായി ഏഴംഗ മന്ത്രിതല സമിതിയെയും നിയമിച്ചതായി ടൈംസ് ഓഫ് ഇന്ത്യ
ദില്ലി: ടെലികോം രംഗത്ത് ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ 69000 കോടിയുടെ പദ്ധതി. ഇതിന്റെ മേൽനോട്ടം വഹിക്കാനായി ഏഴംഗ മന്ത്രിതല സമിതിയെയും നിയമിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
4ജി സ്പെക്ട്രം അടക്കം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ സമിതി തീരുമാനമെടുക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഐടി-ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരാണ് സമിതിയിലുള്ളത്.
undefined
ബിസിനസ് സാധ്യത, തൊഴിൽ ശേഷി, ബോണ്ടുകളുടെ ഇഷ്യു, 4ജി സ്പെക്ട്രം എന്നീ കാര്യങ്ങളിൽ ഈ സമിതി മേൽനോട്ടം വഹിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. ഇരു കമ്പനികളെയും ലയിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ലാഭത്തിലെത്തിക്കണമെന്നാണ് ലക്ഷ്യം. ഇതിനായി 69000 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ബിഎസ്എൻഎല്ലിലും എംടിഎൻഎല്ലിലും നടപ്പിലാക്കിയ വിആർഎസിലൂടെ തൊഴിലാളികളിൽ വലിയൊരു വിഭാഗം കൊഴിഞ്ഞുപോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരു കമ്പനികളിലുമായി 92700 പേരാണ് ഇത് അംഗീകരിച്ചത്. പ്രതിവർഷം 8800 കോടി ചെലവാണ് വേതന ഇനത്തിൽ മാത്രം ഇരു കമ്പനികളിലും കുറയുക.