2014 മുതല്‍ പോപ്പുലര്‍ ഫിനാന്‍സ് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഗുരുതര പ്രതിസന്ധികള്‍ക്കിടയിലും റോയിയും കുടുംബവും പല സംരംഭങ്ങളുടെയും പേര് പറഞ്ഞ് ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിക്കൊണ്ടേയിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചിരുന്ന പണം വകമാറ്റിയിരുന്നത് വ്യാജ സംരംഭങ്ങളിലേക്ക്. നിക്ഷേപകരില്‍ നിന്ന് പണം വകമാറ്റിയതായി പറയപ്പെടുന്ന സമുദ്രോല്‍പ്പന്ന കയറ്റുമതി, പെട്രോള്‍ പമ്പ്, പോപ്പുലര്‍ ട്രേഡിംഗ് എന്നീ സംരംഭങ്ങള്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോപ്പുലറിന്റെ സഹോദര സ്ഥാപനങ്ങള്‍ എന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച കമ്പനികളും തട്ടിപ്പ് പേപ്പര്‍ കമ്പനികളായിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് റോയിയുടെ ബന്ധുവീട്ടുകളിലും അവരുടെ സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഗ്രൂപ്പിന്റെ കീഴില്‍ തുടങ്ങിയ വകയാര്‍ പോപ്പുലര്‍ മെഡിക്കല്‍ ലബോറട്ടറി, പോപ്പുലര്‍ ട്രെയിനിംഗ് സെന്റര്‍, മാര്‍ജിന്‍ ഫ്രീ ഗോഡൗണുകള്‍ എന്നിവടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഈ സ്ഥാപനങ്ങളില്‍ ആസ്തിയായി കണക്കാക്കിയിരുന്നതിന്റെ അത്രയും ഉപകരണങ്ങളോ സാധനങ്ങളോ ഇല്ലായിരുന്നു എന്നാണ് കണ്ടെത്തിയത്.
undefined
2014 മുതല്‍ പോപ്പുലര്‍ ഫിനാന്‍സ് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഗുരുതര പ്രതിസന്ധികള്‍ക്കിടയിലും റോയിയും കുടുംബവും പല സംരംഭങ്ങളുടെ പേര് പറഞ്ഞ് ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിക്കൊണ്ടേയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകും. പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ തുടങ്ങിയ ചില സംരംഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് വരെ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡിലും പരിശോധനകളിലും നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
വകയാറിൽ മാത്രം 600 കോടിയുടെ തട്ടിപ്പ്
ഫിനാന്‍സിന്റെ ആസ്ഥാനമായ വകയാറില്‍ മാത്രം 600 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പോപ്പുലര്‍ പോലെയുളള സ്ഥാപനങ്ങളില്‍ നിക്ഷേപം വിലക്കുന്നതിനുളള നിയമം ഉണ്ടായിട്ടും അത് മറച്ചുവച്ച് കോടികള്‍ നിക്ഷേപമായി റോയിയും കുടുംബവും സ്വീകരിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു. ഇവരില്‍ ചിലര്‍ ബാംഗ്ലൂരില്‍ ഉളളതായാണ് വിവരം. അടൂര്‍, പന്തളം, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ കേസ് അന്വേഷത്തിന്റെ ഭാഗമായുളള പരിശോധനങ്ങള്‍ പോലീസ് തുടരുകയാണ്.
ഇതിനിടെ ഓരോ ദിവസവും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാരുടെ എണ്ണം കൂടിവരുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 3,000 കവിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുമെന്നാണ് കരുതുന്നത്.
പോപ്പുലറിന് കീഴിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ മൊത്തം എട്ട് പാപ്പര്‍ ഹര്‍ജികളാണ് പത്തനംതിട്ട സബ് കോടതിയില്‍ റോയി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ എതിര്‍ കക്ഷികളായി തട്ടിപ്പിന് ഇരയായ നിക്ഷേപകരും ഉണ്ട്. ഫിനാന്‍സിന്റെ സാമ്പത്തിക ദുരാവസ്ഥയ്ക്ക് കാരണം സ്ഥാപനത്തിലെ മാനേജര്‍മാരാണെന്നാണ് തോമസ് ഡാനിയേലെന്ന റോയി പാപ്പര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അഞ്ച് വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കും എന്ന പേരിലാണ് ഒരു നിയമ പരിരക്ഷയുമില്ലാതെ സാൻ പോപ്പുലറിന്റെ പേരിൽ ബോണ്ട് ഇറക്കിയത്. ഏഴ് വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്ന് അവകാശപ്പെട്ട് മറ്റൊരു സ്കീമിലും ഇവർ നിക്ഷേപകരെ ചേർത്തിരുന്നു. മുൻപ് നാട്ടിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുളള നിക്ഷേപ സ്കീമുകളുമായാണ് ഫിനാൻസ് നിക്ഷേപകരെ കുരുക്കിലാക്കാൻ രംഗത്തിറങ്ങിയത്. കുടുങ്ങിയവരിൽ ഏറിയ പങ്കും ഇടത്തരക്കാരും പാവപ്പെട്ടവരുമായ നിക്ഷേപകരായിരുന്നു. മിക്കവരുടെയും ആകെയുളള സാമ്പാദ്യമാണ് റോയിയും കുടുംബവും ഫിനാൻസിന്റെ പേരിൽ തട്ടിച്ചത്.
ശാഖകൾ പോലീസ് സീൽ ചെയ്തു
പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ സ്വർണം പണയം വച്ചവർ അത് തിരികെ ലഭിക്കുന്നതിന്റെ ഭാഗമായുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട‌്. ഇവർ സ്വർണം തിരികെ ലഭിക്കാൻ ബ്രാഞ്ച് ജീവനക്കാരെ സമീപിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ നാല് ശാഖകൾ കഴിഞ്ഞ ദിവസം പോലീസ് പൂട്ടിയിരുന്നു. കൊല്ലം ചാത്തന്നൂരുളള പോപ്പുലറിന്റെ ശാഖയും പോലീസ് സീൽ ചെയ്തു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് കത്ത് നൽകി. കേസുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ പറഞ്ഞു.