അമേരിക്കയിൽ ട്രംപ് മാറി ബൈഡൻ അധികാരത്തിൽ വരുന്നതോടെ 2021 -ൽ മസ്കിന്റെ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഉള്ളതിൽ അധികം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് നിലവിലെ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം
ടെസ്‌ല, സ്‌പേസ് എക്സ് എന്നിവയുടെ മേധാവിയായ എലോൺ മസ്‌ക്, കഴിഞ്ഞ ദിവസം ആമസോൺ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയിരിക്കുകയാണ്. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയർന്നതോടെയാണ് ഇലോൺ മസ്‌കിന്റെ ആസ്തിയിൽ വൻ വർധനവുണ്ടായതെന്ന് ബ്ലൂംബെർഗ് ബില്ല്യണയർ ഇൻഡക്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയർന്നു. ജെഫ് ബെസോസിന്റെ ആസ്തിയേക്കാൾ 1.5 ബില്ല്യൺ ഡോളർ അധികമാണിത്.
undefined
2017 മുതൽ ലോക സമ്പന്ന പട്ടികയിൽ ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു വർഷത്തിൽ 150 ബില്ല്യൺ ഡോളറിന്റെ വളർച്ചയാണ് മസ്‌കിനുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയാണിത്. ഇക്കാലയളവിൽ ടെസ്ലയുടെ ഓഹരിവില 743 ശതമാനമാണ് വർധിച്ചത്. ഇലക്ട്രിക് വാഹനവിപണിക്ക് സമീപകാലത്തുണ്ടായ വളർച്ചയാണ് ടെസ്ലയെ സഹായിച്ചത്. അമേരിക്കയിൽ ട്രംപ് മാറി ബൈഡൻ അധികാരത്തിൽ വരുന്നതോടെ 2021 -ൽ മസ്കിന്റെ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഉള്ളതിൽ അധികം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് നിലവിലെ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. പ്രചാരണ കാലം തൊട്ടുതന്നെ ബൈഡനും ഡെമോക്രാറ്റ് സംഘവും 'ഗ്രീൻ അജണ്ട'യാണ് മുന്നോട്ടു വെച്ചിട്ടുള്ളത് എന്നത് തന്നെയാണ് ഈ പ്രവചനത്തിനു പിന്നിൽ.
ആരാണ് എലോൺ മസ്‌ക്?
ഭാവിയിൽ 'ട്രെൻഡിങ്' ആയേക്കാവുന്ന വിഭാഗത്തിൽ പെട്ട കാറുകൾ നിർമിക്കുക എന്നതു മാത്രമല്ല എലോൺ മസ്കിന്റെ പണി. ടെസ്‌ല കമ്പനി അവരുടെ കാറുകളിൽ ഘടിപ്പിക്കുന്ന ബാറ്ററികളും, മറ്റു സ്പെയർ പാർട്ടുകളും ഒക്കെ നിർമിച്ച് മറ്റു വാഹന കമ്പനികൾക്ക് വിൽക്കുന്നുമുണ്ട്. ഇതിനു പുറമെ മസ്കിന്റെ കമ്പനി വീടുകളിലേക്ക് സൗരോർജത്തിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന പരിസ്ഥിതി സൗഹൃദമായ സോളാർ എനർജി സിസ്‌റ്റങ്ങളും നിർമിച്ച് വില്പനയ്‌ക്കെത്തിക്കുന്നുണ്ട്. സ്‌പേസ് എക്സ് പോലെ ഒരു ബഹിരാകാശ യാത്രാ കമ്പനിക്കൊപ്പം, അമേരിക്കയിലെ അതിവേഗ ഭൂഗർഭ യാത്രാ സംവിധാനങ്ങളിൽ പലതും കമ്മീഷൻ ചെയ്തിരിക്കുന്നതും എലോൺ മസ്കിന്റെ കമ്പനികളാണ്.
ഇന്ന് എലോൺ മസ്‌ക് അറിയപ്പെടുന്നത് അമേരിക്കൻ വ്യവസായി എന്നപേരിൽ ആണെങ്കിലും, 1971 -ൽ അദ്ദേഹം ജനിക്കുന്നത്, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ്. കനേഡിയൻ വംശജയായ അമ്മ, ദക്ഷിണാഫ്രിക്കൻ പൗരനായ അച്ഛൻ എന്നിവരോടൊപ്പം മസ്‌ക് കുട്ടിക്കാലം ചെലവിട്ടത് ദക്ഷിണാഫ്രിക്കയിൽ തന്നെയായിരുന്നു. ചെറുപ്പത്തിൽ തന്നെ താൻ ഒരു പുസ്തകപ്പുഴു ആയിരുന്നു എന്ന് എലോൺ മസ്‌ക് പറയുന്നുണ്ട്. ഏറെ സൗമ്യസ്വഭാവിയായിരുന്നതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കുക വരെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. .
എലോൺ മസ്‌ക് എന്ന കുരുന്നുപ്രതിഭ
1981 -ൽ, പത്താം വയസ്സിൽ തന്നെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിച്ചെടുത്ത ഒരു അപാര പ്രതിഭയായിരുന്നു മസ്‌ക്. 'ബ്ലാസ്റ്റർ' എന്നപേരിലുള്ള വീഡിയോ ഗെയിം അദ്ദേഹം ഉണ്ടാക്കുന്നത് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്. അന്ന് അത് മാസ്കിൽ നിന്ന് അഞ്ഞൂറ് ഡോളർ വിലയ്ക്ക് ഒരു പ്രാദേശിക മാഗസിൻ സ്വന്തമാക്കുകയും ചെയ്തു. അതായിരുന്നു മസ്കിന്റെ കരിയറിലെ ആദ്യത്തെ വ്യാപാര ഇടപാട്.
പ്രിട്ടോറിയയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1988 -ൽ തന്റെ പതിനേഴാം വയസ്സിൽ അദ്ദേഹം കാനഡയിലെ ക്വീൻസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേരുന്നു. രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിൽ തന്റെ പഠനം തുടരുന്നു. അവിടെ വെച്ച് സാമ്പത്തിക ശാസ്ത്രത്തിലും, ഊർജ്ജതന്ത്രത്തിലുമായി ഇരട്ട ബിരുദം നേടിയ മസ്‌ക്, 1995 -ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് ആൻഡ് മെറ്റീരിയൽ സയൻസസിൽ ഗവേഷണബിരുദപഠനത്തിനും ചേരുന്നു.
ഡോക്ടറേറ്റ് പഠനം തുടങ്ങിയതിന്റെ രണ്ടാം നാൾ, അതവസാനിപ്പിച്ച മസ്‌ക്, നേരെ ഇറങ്ങിയത് ബിസിനസിലേക്കാണ്. അന്ന് സഹോദരൻ കിംബലുമൊത്ത് 'സിപ്പ് 2' എന്ന പേരിൽ മസ്‌ക് ഒരു സോഫ്റ്റ്‌വെയർ കമ്പനിതുടങ്ങുന്നു. അതിനുവേണ്ടി സംഘടിപ്പിച്ച ഒരു ഡീൽ ആയിരുന്നു മസ്കിന്റെ ആദ്യത്തെ വ്യാപാര വിജയം. പിന്നീട് 1999 -ൽ 307 മില്യൺ ഡോളറിനു 'കോംപാക്' സിപ്പ് 2 -നെ ഏറ്റെടുക്കുന്നുണ്ട്.
ഈ ഇടപാടിൽ നിന്ന് കിട്ടിയ ലാഭം മൂലധനമാക്കി ട്രംപ് അടുത്ത് തുടങ്ങിയത് എക്സ്.കോം എന്നുപേരായ ഒരു ഓൺലൈൻ ബാങ്ക് ആണ്. 2000 -ൽ, എക്സ്.കോം കോൺഫിനിറ്റി എന്ന കമ്പനിയിൽ ലയിക്കുന്നു. ഈ കോൺഫിനിറ്റി ആണ് പിന്നീട് പേയ്പാൽ എന്ന സ്ഥാപനം തുടങ്ങുന്നത്.
2002 മേയിലാണ് എലോൺ മസ്‌ക് 'സ്‌പേസ് എക്സ്' എന്ന പേരിൽ തന്റെ എയ്‌റോ സ്പേസ് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുന്നത്. ഇന്നും ആ സ്ഥാപനത്തിന്റെ സിഇഓയും ലീഡ് ഡിസൈനറും മസ്‌ക് തന്നെയാണ്. 2004 -ൽ ടെസ്‌ലയിൽ ചേരുന്ന മസ്‌ക് ആ കൊല്ലം തന്നെ അതിന്റെ പ്രോഡക്റ്റ് ആർക്കിടെക്റ്റ് ആകുന്നു. 2008 -ൽ പടിപടിയായി ഉയർന്ന് മസ്‌ക് ടെസ്ലയുടെ സിഇഓ ആകുന്നു. അതിനിടെ 2006 -ൽ 'സോളാർ സിറ്റി' എന്നൊരു ഊർജ കമ്പനിയും മസ്‌ക് തുടങ്ങുന്നുണ്ട്. 2015 -ൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ക്രിയാത്മകമായ ഗവേഷണങ്ങൾ നടത്താൻ വേണ്ടി ടെസ്‌ല തുടങ്ങിയ കമ്പനിയാണ് 'ഓപ്പൺ എഐ'. അതിനു പുറമെ, 2016 -ൽ മസ്തിഷ്കവും കമ്പ്യൂട്ടറും തമ്മിൽ ബന്ധിപ്പിക്കാനുതകുന്ന ന്യൂറോടെക്‌നോളജി രംഗത്തെ ഗവേഷണങ്ങൾക്കായി അദ്ദേഹം 'ന്യൂറലിങ്ക്' എന്നപേരിൽ ഒരു കമ്പനി തുടങ്ങുന്നു. വൈദ്യുത തീവണ്ടികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത തുരങ്കപാതകൾ നിർമിക്കാൻ വേണ്ടി മസ്‌ക് 2016 -ൽ തുടങ്ങിയ സ്ഥാപനമാണ് 'ദ ബോറിങ് കമ്പനി'. ഇതിനൊക്കെ പുറമെയാണ് മസ്‌ക് 'ഹൈപ്പർ ലൂപ്പ്' എന്നപേരിൽ ഒരു അത്യതിവേഗ തീവണ്ടിയാത്രാസംവിധാനം സാക്ഷാത്കരിക്കുന്നത്.
എന്താണ് മസ്കിന്റെ വിജയ രഹസ്യം ?
മാസ്കിനോട് ഒരിക്കൽ ബിബിസിയുടെ ലേഖകനായ ജസ്റ്റിൻ റൗലറ്റ് അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ് എന്നൊരു ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞത് ബിസിനസിനോടുള്ള തന്റെ സമീപനം അഥവാ ആറ്റിട്യൂഡ് ആണ് തന്റെ വിജയത്തിന്റെ രഹസ്യം എന്നാണ്.
തന്നെ മാലോകർ ഒരു വ്യവസായി അല്ലെങ്കിൽ ഒരു നിക്ഷേപകൻ എന്നതിലുപരിയായി ഒരു എഞ്ചിനീയർ എന്ന കണ്ണിലൂടെ കാണുന്നതാണ് തനിക്കിഷ്ടം എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഏതെങ്കിലുമൊരു സാങ്കേതിക പ്രശ്നത്തിന് ഒരു പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നതാണ് തന്റെ ജീവിതത്തെ സാർത്ഥകമാക്കുന്നത് എന്നും, ബാങ്കിൽ എത്ര പണമുണ്ട് എന്നതിന് ജീവിതത്തിൽ ഒരു പ്രസക്തിയില്ല എന്നും അദ്ദേഹം പറയുന്നു.
കാർ നിർമാണ രംഗത്ത്, പൊതു ഗതാഗത രംഗത്ത് ആരും സ്വപ്നം കാണാൻ പോലും ധൈര്യപ്പെട്ടിട്ടില്ലാത്തത്ര വലിയ വിപ്ലവങ്ങളാണ് മസ്‌ക് കൊണ്ടുവന്നിട്ടുള്ളത്. ഭാവിയിൽ ചൊവ്വാ ഗ്രഹത്തിൽ മനുഷ്യർക്ക് താമസിക്കാൻ യോഗ്യമായ കോളനികൾ പണിയാനായേക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന എലോൺ മസ്‌ക് ആ ദിശയിൽ ചെലവിട്ടു കഴിഞ്ഞിട്ടുള്ളതും വലിയൊരു തുകയുടെ നിക്ഷേപമാണ്.
റിസ്കെടുക്കാൻ തീരെ മടിയില്ലാത്ത സ്വഭാവമാണ്, 2008 -ൽ ആഗോളമാന്ദ്യമുണ്ടായ ദുരിത കാലത്തെയും അതിജീവിച്ച് ഇന്ന് കാണുന്ന വൻ വിജയത്തിലേക്ക് നടന്നു കയറാൻ എലോൺ മാസ്കിനെ സഹായിച്ചത്. ദൃഢനിശ്ചയത്തോടെ കഠിനാധ്വാനം ചെയ്യുകയും, കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയും ചെയ്താൽ എന്തും സാധ്യമാണ് എന്ന സത്യമാണ് എലോൺ മസ്‌ക് എന്ന ചെറുപ്പക്കാരൻ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നത്.