ജിയോയുടെ 2018 -19ലെ മൊത്ത ലാഭം 2,964 കോടിയായിരുന്നു.
മുംബൈ: റിലയൻസ് ഇന്റസ്ട്രീസിന്റെ ടെലികോം സ്ഥാപനമായ റിലയൻസ് ജിയോക്ക് മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 177.5 ശതമാനം വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലത്ത് ലഭിച്ച 840 കോടിയെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണ് ലാഭത്തിൽ വർധനവുണ്ടായത്. 2,331 കോടിയായാണ് ലാഭത്തിൽ വർധന ഉണ്ടായത്.
ജിയോയുടെ 2018 -19ലെ മൊത്ത ലാഭം 2,964 കോടിയായിരുന്നു. 2019 -20 ൽ ഇത് 5,562 കോടിയായി ഉയർന്നു. 88 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 38.75 കോടി ഉപഭോക്താക്കളുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെ വർധന.
കഴിഞ്ഞ സാമ്പത്തിക പാദത്തിൽ ഒരു ഉപഭോക്താവിൽ നിന്ന് 128.4 രൂപയാണ് ജിയോയ്ക്ക് ലാഭം ലഭിച്ചിരുന്നത്. ഇത്തവണ അത് 130.6 രൂപയായി ഉയർന്നു. ഉയർന്ന ലാഭം ലഭിച്ചതിന് പിന്നാലെ കമ്പനി ജിയോമീറ്റ് എന്ന പുതിയ വീഡിയോ പ്ലാറ്റ്ഫോം ദേശീയ തലത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് 43,574 കോടി നിക്ഷേപിച്ചതിനെ കുറിച്ചും ജിയോ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ 14,976 കോടി ജിയോ പ്ലാറ്റ്ഫോമുകളുടെ ഭാവി വളർച്ചയ്ക്കായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.