ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, 100 ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ പദ്ധതി: നയിക്കാൻ രാകേഷ് ജുൻജുൻവാല

By Web Team  |  First Published Aug 10, 2021, 8:57 PM IST

നിലവില്‍ കോടികള്‍ നഷ്ടമുള്ള ബിസിനസാണെങ്കിലും ഈ മേഖലയിലെ നിക്ഷേപം ദീര്‍ഘ നാളത്തേക്ക് മെച്ചപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ്​ഗധർ പറയുന്നത്. 


നൂറ് 737 മാക്സ് വിമാനങ്ങൾ വാങ്ങുന്നതിനായി വിമാന നിർമാതാക്കളായ ബോയിംഗുമായി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർലൈൻ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ.

എയർലൈൻ ബോയിംഗുമായി ചർച്ച നടത്തുന്നുണ്ടെന്നും വിമാനം പുനർനിർമിക്കുന്നത് സംബന്ധിച്ച് ആനുകൂല തീരുമാനത്തിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് അപകടങ്ങളിലായി നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബോയിംഗ് 737 മാക്സ് വിമാനം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഉപയോ​ഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയരുന്നു. 

Latest Videos

undefined

ഓരോ 737 മാക്സ് വിമാനത്തിനും ഏകദേശം 100 മില്യൺ ഡോളർ ലിസ്റ്റ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, എന്നാൽ, അവ പലപ്പോഴും വിപണി മൂല്യത്തിന്റെ പകുതിയിൽ താഴെ കിഴിവിൽ ലഭിച്ചേക്കുമെന്നാണ് സൂചന.

737 മാക്സ് സ്വന്തമാക്കുന്നതിന് ബോയിംഗുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിച്ചതായും 2022 ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും റെഗുലേറ്റർമാരുമായുള്ള ചർച്ചയിൽ കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

“ഞങ്ങൾ എല്ലായ്പ്പോഴും അവസരങ്ങൾ തേടുകയും നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളുമായി അവരുടെ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു,” ബോയിംഗ് വക്താവ് ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

70 വിമാനങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതിയെന്ന് ജുൻജുൻവാല അടുത്തിടെ ബ്ലൂംബെർഗിനോട് പറഞ്ഞിരുന്നു. നിലവില്‍ കോടികള്‍ നഷ്ടമുള്ള ബിസിനസാണെങ്കിലും ഈ മേഖലയിലെ നിക്ഷേപം ദീര്‍ഘ നാളത്തേക്ക് മെച്ചപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ്​ഗധർ പറയുന്നത്. 

രാകേഷ് ജുന്‍ജുന്‍വാലയുടെ വ്യോമയാന പദ്ധതിയിലൂടെ ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്കും ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് അവസരം ഒരുങ്ങും. രണ്ട് വര്‍ഷം മുമ്പ്, കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നായ ജെറ്റ് എയര്‍വേസിന്റെ പതനത്തോടെയാണ് ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്ക് ഇന്ത്യയില്‍ സ്വാധീനം നഷ്ടമായത്. വിജയകരമായ ഓഹരി വിപണി നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന പദവി സ്വന്തമാക്കിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. 

മുൻ ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ്, മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ഡ്യൂബ് എന്നിവ ആകാശയുടെ സഹസ്ഥാപകരാകും എന്നാണ് റിപ്പോർട്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!