നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പന വേ​ഗത്തിലാക്കാൻ പിഎംഒ നിർദ്ദേശിച്ചതായി റിപ്പോർട്ട്

By Web Team  |  First Published Aug 18, 2020, 6:45 PM IST

ഐഡിബിഐ ബാങ്കിൽ സർക്കാരിന് 47.11 ശതമാനവും പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 51 ശതമാനം ഓഹരി വിഹിതവുമാണുളളത്. 


ദില്ലി: നാല് പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാനുളള നടപടികൾ വേ​ഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ കേന്ദ്ര സർക്കാരിന് പ്രത്യക്ഷവും പരോക്ഷവുമായ ഹോൾഡിംഗുകളിലൂടെ ഭൂരിപക്ഷ ഓഹരി വിഹിതമുണ്ട്. 

നടപ്പ് സാമ്പത്തിക വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായി രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

2021 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ നാല് ബാങ്കുകൾ സ്വകാര്യവത്കരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം ആദ്യം ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കുന്നു. കൊവിഡ് -19 പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് നികുതി പിരിവ് കുറയുന്നതിനിടയിൽ ബജറ്റ് ചെലവുകൾക്കായുളള ധനസമാഹരണത്തിനായി ബാങ്കുകളുടെയും മറ്റ് സർക്കാർ കമ്പനികളുടെയും സ്വകാര്യവൽക്കരണം വേ​ഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. 

പൊതുമേഖല ബാങ്കിംഗ് വ്യവസായത്തിന്റെ പുന:സംഘടനയുടെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം നാലോ അഞ്ചോ ആയി കുറച്ചേക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

ഐഡിബിഐക്ക് പുറമേ ഇന്ത്യയിൽ നിലവിൽ ഒരു ഡസൻ പൊതുമേഖലാ ബാങ്കുകളുണ്ട്. ഐഡിബിഐ ബാങ്കിൽ സർക്കാരിന് 47.11 ശതമാനവും പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 51 ശതമാനം ഓഹരി വിഹിതവുമാണുളളത്. 

click me!