ഐപിഒ വഴി 17000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. അതിനിടെയാണ് കമ്പനിയുടെ പ്രസിഡന്റ് അടക്കം അഞ്ച് പേർ രാജിവെച്ചത്.
ദില്ലി: പ്രമുഖ സാമ്പത്തിക സാങ്കേതിക സ്റ്റാർട്ട്അപ്പ് സംരംഭമായ പേടിഎമ്മിന്റെ ടോപ് ലെവൽ മാനേജ്മെന്റിൽ നിന്ന് പ്രമുഖർ രാജിവെക്കുന്നു. കമ്പനി ഓഹരികളുടെ ആദ്യ പൊതുവിൽപ്പനയിലേക്ക് (ഇനീഷ്യൽ പബ്ലിക് ഓഫർ -ഐപിഒ)യിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപുള്ള ഉന്നതരുടെ രാജി വിപണിയിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
ഐപിഒ വഴി 17000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. അതിനിടെയാണ് കമ്പനിയുടെ പ്രസിഡന്റ് അടക്കം അഞ്ച് പേർ രാജിവെച്ചത്. പ്രസിഡന്റ് അമിത് നയ്യാറും എച്ച്ആർ വിഭാഗം തലവൻ രോഹിത് താക്കൂർ അടക്കമുള്ളവരാണ് രാജിവെച്ചിരിക്കുന്നത്.
2019ലാണ് അമിത് നയ്യാർ പേടിഎമ്മിന്റെ ബോർഡിൽ ചേരുന്നത്. പിന്നീട് ഇദ്ദേഹം പേടിഎമ്മിൽ ഇൻഷുറൻസ്, ഫിനാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം തുടക്കമിട്ടിരുന്നു. അക്‌സഞ്ചറിൽ നിന്നാണ് രോഹിത് താക്കൂർ പേടിഎമ്മിൽ എത്തിയത്. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. ഇവരുടെ രാജിയുടെ കാരണങ്ങൾ വ്യക്തമല്ല.