അഞ്ച് ലക്ഷത്തോളം കാറുകളുടെ ബുക്കിങ്ങുകളാണ് ഡെലിവറി നടത്താൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ 2.10 ലക്ഷം ബുക്കിങ്ങുകളും മാരുതിക്കാണ്.
രാജ്യത്തെ കാർ വിപണിയുടെ താളം തെറ്റിച്ച് ചിപ്പ് പ്രതിസന്ധി. വലിയ വില്പന നടക്കുന്ന ഉത്സവ സീസണിന് മുൻപ് ലഭിച്ചിട്ടുള്ള ലക്ഷ കണക്കിന് ബുക്കിങ്ങുകൾ എങ്ങിനെ കൊടുത്ത് തീർക്കും എന്നറിയാതെ വലയുകയാണ് മുൻ നിര കാർ നിർമ്മാതാക്കൾ. അഞ്ച് ലക്ഷത്തോളം കാറുകളുടെ ബുക്കിങ്ങുകളാണ് പ്രമുഖ കമ്പനികളിലായി കെട്ടിക്കിടക്കുന്നത്. ഇതിൽ 2.10 ലക്ഷം ബുക്കിങ്ങുകളും മാരുതിക്കാണ്.
ചിപ്പ് പ്രതിസന്ധി മൂലം തങ്ങളുടെ പ്രൊഡക്ഷൻ പ്ലാനുകളിൽ അടിക്കടി വലിയ മാറ്റങ്ങളാണ് നിർമ്മാതാക്കൾക്ക് നടത്തേണ്ടി വരുന്നത്. ഇഷ്ടപ്പെട്ട മോഡലുകൾ ലഭ്യമാകാതെ വരുമ്പോൾ പല പല മോഡലുകൾ മാറി മാറി ബുക്ക് ചെയ്യുകയാണ് ഉപഭോക്താക്കൾ. ഇഷ്ടപ്പെട്ട മോഡൽ ലഭ്യമായാൽ മറ്റു പല ബുക്കിങ്ങുകളും ക്യാൻസൽ ആകും എന്നതും വാഹന നിർമ്മാണത്തിന്റെ താളം തെറ്റിക്കുന്നു.
വിപണിയിലെ ആവശ്യവും ഉത്പാദനവും അന്തരം ഗണ്യമായി വർദ്ധിച്ചതോടെ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ തന്നെ വ്യത്യസ്ത കമ്പനികളുടേതായി മൂന്നു വാഹനങ്ങൾ എങ്കിലും ബുക്ക് ചെയ്യുന്ന സ്ഥിതി ആണെന്ന് നിർമ്മാതാക്കൾ പറയുന്നു. ബുക്കിങ്ങിനു അനുസരിച്ച് നിർമ്മാണം നടത്തുന്നതിനും ഇത് മൂലം പ്രയാസം നേരിടുകയാണ്. ലോകത്തിലെ അഞ്ചാമത്തെ വാഹന വിപണിയായ ഇന്ത്യയിൽ സെമി കണ്ടക്ടറുകളുടെ അഭാവം സൃഷ്ടിച്ച പ്രതിസന്ധി നവരാത്രി, ദസറ, ദീപാവലി ആഘോഷ വേളകളിൽ കൂടുതൽ ഉയരും എന്നാണ് സൂചന.