ലോകത്ത് ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
മുംബൈ: റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ചൈനയിലെ അതിസമ്പന്നനായ ബിസിനസുകാരൻ ജാക് മായെ പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ഇതോടെ ആഗോള അതിസമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ അംബാനിയെത്തി.
ഇപ്പോൾ 84.5 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്ത് ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലും ചൈനയിലുമാണ് ഇന്ത്യയേക്കാളധികം ധനികരുള്ളത്.
അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ധനികൻ. ഇദ്ദേഹം ആഗോള പട്ടികയിൽ 24ാം സ്ഥാനത്താണ്. 50.5 ബില്യൺ ഡോളറാണ് ആസ്തി. സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും പൂനവാല ഗ്രൂപ്പ് ചെയർമാനുമായ സൈറസ് പൂനവാല ഫോർബ്സിന്റെ ആഗോള അതിസമ്പന്ന പട്ടികയിൽ 169ാം സ്ഥാനത്താണ്. ഇദ്ദേഹം ഇന്ത്യയിലെ ധനികരിൽ ഏഴാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നഡാരാണ്. ഇദ്ദേഹം ആഗോള പട്ടികയിൽ 71ാം സ്ഥാനത്താണ്.