എംഎസ്എംഇ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി: ചുമതല ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക്

By Web Team  |  First Published Jun 27, 2020, 7:34 PM IST

സാധുവായ ആധാർ നമ്പർ ഇല്ലാത്തവർക്ക് ആധാർ എൻറോൾമെന്റ് അഭ്യർത്ഥനയോ, ബാങ്ക് പാസ്ബുക്ക്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയോടൊപ്പം സിംഗിൾ വിൻഡോ സിസ്റ്റത്തെ സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.


ദില്ലി: സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മന്ത്രാലയം (എം‌എസ്എംഇ) എം‌എസ്‌എംഇകളുടെ വർഗ്ഗീകരണത്തിനും രജിസ്ട്രേഷനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഏകീകൃത വിജ്ഞാപനം പുറത്തിറക്കി. നിക്ഷേപം, വിറ്റുവരവ് എന്നിവ അടിസ്ഥാനമാക്കി എം‌എസ്‌എം‌ഇകളെ തരംതിരിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളുമായി ജൂൺ ഒന്നിന് മന്ത്രാലയം നേരത്തെ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം‌ പുറത്തിറക്കിയത്. ഈ വിജ്ഞാപനത്തിൽ എം‌എസ്‌എം‌ഇകളെ തരംതിരിക്കാനുള്ള വിശദമായ മാനദണ്ഡങ്ങളും രജിസ്ട്രേഷനായുള്ള നടപടിക്രമങ്ങളും, പുതിയ പ്രക്രിയ അനുസരിച്ച് വ്യവസായങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി മന്ത്രാലയം നടത്തിയ ക്രമീകരണങ്ങളും വിശദീകരിക്കുന്നു. 

Latest Videos

undefined

സൂക്ഷ്മ -ചെറുകിട -ഇടത്തരം എന്റർപ്രൈസസിന്റെ വിറ്റുവരവ് കണക്കാക്കുമ്പോൾ ചരക്കുകളുടെയോ സേവനങ്ങളുടെയോ കയറ്റുമതി അല്ലെങ്കിൽ രണ്ടും ഒഴിവാക്കപ്പെടുമെന്നും വിജ്ഞാപനം വ്യക്തമാക്കി. ജൂലൈ ഒന്നിന് മുമ്പ് പരസ്യപ്പെടുത്തുന്ന പോർട്ടൽ വഴി ഇതുസംബന്ധിച്ച രജിസ്ട്രേഷൻ പ്രക്രിയ ഓൺ‌ലൈനായി ചെയ്യാമെന്ന് ആകാശവാണിയുടെ ന്യൂസ് സർവീസ് ഡിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

എം‌എസ്‌എം‌ഇ മന്ത്രാലയം എം‌എസ്‌എം‌ഇകൾ‌ക്കായി ശക്തമായ പ്രോത്സാഹന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രക്രിയ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സിംഗിൾ വിൻഡോ സിസ്റ്റത്തിന്റെ രൂപത്തിലുളളതായിരിക്കും. 

എംഎസ്എംഇ രജിസ്‌ട്രേഷനായ ഉദയം രജിസ്ട്രേഷൻ സ്വന്തമായി ഫയൽ ചെയ്യാൻ കഴിയാത്ത സംരംഭകർക്ക് ഈ സംവിധാനം സഹായകരമാണ്. സംരംഭകരു‌ടെ രജിസ്‌ട്രേഷൻ സുഗമമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സർക്കാർ ചുമതലപ്പെടുത്തി. സാധുവായ ആധാർ നമ്പർ ഇല്ലാത്തവർക്ക് ആധാർ എൻറോൾമെന്റ് അഭ്യർത്ഥന, ബാങ്ക് പാസ്ബുക്ക്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നുമായി സിംഗിൾ വിൻഡോ സിസ്റ്റത്തെ സമീപിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

click me!