പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.
പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം.
പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം കമ്പനിക്കേൽപ്പിച്ച തിരിച്ചടി വലുതായിരുന്നു. ഇതിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദ്ദേശങ്ങൾ കമ്പനിക്ക് തിരിച്ചടിയാകുന്നത്. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതേ തുടർന്ന് മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ ഇന്ത്യൻ അതിസമ്പന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോയിരുന്നു.