കൊറോണക്കാലത്ത് രാജ്യത്തിന് കരുത്തായി മാരുതി സുസുക്കിയും ഹ്യുണ്ടായും; ടെസ്റ്റിംഗ് കിറ്റുകൾ കൊറിയയിൽ നിന്ന്

By Web Team  |  First Published Mar 28, 2020, 4:09 PM IST

നിലവിലുള്ള അംഗീകൃത വെന്റിലേറ്റർ നിർമാതാക്കളായ അഗ്വ ഹെൽത്ത് കെയറുമായി സഹകരിച്ച് 10,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. 


കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ തുടർന്ന് വെന്റിലേറ്ററുകളുടെയും ടെസ്റ്റിംഗ് കിറ്റുകളുടെയും ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനുള്ള പദ്ധതി ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചു.

നിലവിലുള്ള അംഗീകൃത വെന്റിലേറ്റർ നിർമാതാക്കളായ അഗ്വ ഹെൽത്ത് കെയറുമായി സഹകരിച്ച് 10,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. 25,000 രോഗികളെ സഹായിക്കുന്നതിനായി ദക്ഷിണ കൊറിയയിൽ നിന്ന് ടെസ്റ്റിംഗ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ഹ്യുണ്ടായും തീരുമാനിച്ചു. 

Latest Videos

undefined

നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ വെന്റിലേറ്ററുകളുടെയും സാങ്കേതികവിദ്യ, പ്രകടനം, അനുബന്ധ കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം അഗ്വ ഹെൽത്ത് കെയറിനാണ്. മാരുതി സുസുക്കി അതിന്റെ നിർമാണത്തിന് ആവശ്യമായ അളവിലുള്ള ഘടകങ്ങൾ ഉൽ‌പാദിപ്പിക്കുകയും, നിർമാണ ​രം​ഗത്തെ അറിവ് ഉപയോഗിച്ച് ഉയർന്ന അളവിലുളള ഉൽ‌പാദനത്തിനും ഗുണനിലവാര നിയന്ത്രണത്തിനുമായി സിസ്റ്റങ്ങൾ നവീകരിക്കുകയും ചെയ്യും. ആവശ്യമായ മറ്റ് സഹായങ്ങളും നൽകുമെന്ന് മാരുതി ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും മാരുതിക്ക് പദ്ധതിയുണ്ട്.

ഭാരത് സീറ്റ്സ് ലിമിറ്റഡ്, കൃഷ്ണ മാരുതി ലിമിറ്റഡ് തുടങ്ങിയ വിതരണക്കാരിൽ ചിലർ സംസ്ഥാന -കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാസ്കുകളും സംരക്ഷണ വസ്ത്രങ്ങളും നിർമ്മിക്കാനുളള പ്രവർത്തങ്ങളിൽ സഹായിക്കും. ഫാക്ടറികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കാനായി കേന്ദ്ര സർക്കാർ മാർച്ച് 24 ന് അഞ്ച് വാഹന നിർമാതാക്കളുമായി ആശയവിനിമയം നടത്തി. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എന്നിവരുമായാണ് സർക്കാർ ആശയവിനിമയം നടത്തിയത്. 

നിലവിലുള്ള ഒമ്പത് വെന്റിലേറ്റർ നിർമ്മാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാമോ എന്നായിരുന്നു സർക്കാർ കമ്പനികളോട് ആരാഞ്ഞത്. ഇതിനോട് അനുകൂലമായാണ് കമ്പനികളിൽ മിക്കവരും പ്രതികരിച്ചത്. ഹ്യൂണ്ടായ് അവരുടെ കോർപ്പറേറ്റ് സോഷ്യൽ ഉത്തരവാദിത്ത (സി‌എസ്‌ആർ) വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ വഴി ദക്ഷിണ കൊറിയയിൽ നിന്ന് കോവിഡ് -19 അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനമെടുത്തു. അവ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് കൈമാറും. 

കരുതലുള്ള ബ്രാൻഡെന്ന നിലയിൽ ഹ്യൂണ്ടായ് കമ്മ്യൂണിറ്റി സേവനങ്ങളിൽ മുൻപന്തിയിലാണ്. കോവിഡ് -19 പ്രതിസന്ധിക്കെതിരായ ഇന്ത്യാ സർക്കാരിന്റെ ഉത്സാഹകരമായ പോരാട്ടത്തെ പിന്തുണയ്ക്കാൻ ഹ്യുണ്ടായ് പ്രതിജ്ഞാബദ്ധമാണ്. നൂതന ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾക്കുള്ള ഞങ്ങളുടെ സംഭാവന 25,000 ത്തിലധികം രോഗികളെ സഹായിക്കും, ”ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എസ് എസ് കിം പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!