നിക്ഷേപകരുടെ പണം സുരക്ഷിതം: ലക്ഷ്മി വിലാസ് ബാങ്ക്- ഡിബിഎസ് ലയനം 16ന് മുമ്പ് പൂർത്തിയാക്കാൻ ശ്രമം

By Web Team  |  First Published Nov 19, 2020, 7:28 PM IST

ഡിബിഎസ് ബാങ്കുമായുളള ലയനം സംബന്ധിച്ച കരട് റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും.


ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും നിക്ഷേപങ്ങളെ സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നും സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ടി എൻ മനോഹരൻ അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നടപടി നിക്ഷേപകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാനായാണ് വിശദമായ പ്രസ്താവനയുമായി ബാങ്ക് അഡ്മിനിസ്ട്രേറ്റർ രം​ഗത്ത് എത്തിയത്. 

ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാനുളള നടപടികൾ മുൻനിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും മനോഹരൻ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. ബാങ്കിന്റെ ധനകാര്യ സ്ഥിതി മോശമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹാര മാർ​ഗമെന്ന നിലയിൽ ഒരു വർഷത്തെ മൊറട്ടോറിയവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Latest Videos

undefined

ഡിബിഎസ് ബാങ്കുമായുളള ലയനം സംബന്ധിച്ച കരട് റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. ഡിസംബർ 16 ന് മുമ്പ് ലയന പ്രക്രിയ പൂർത്തിയാക്കാനകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ അഡ്മിനിസ്ട്രേറ്റർ മുന്നോട്ട് പോകുന്നത്. 

ബാങ്കിന്റെ ധനകാര്യ പ്രതിസന്ധികളെ തുടർന്ന് നിക്ഷേപകർക്ക് പരമാവധി പിൻവലിക്കാവുന്ന തുക 25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനത്തിന് പിന്നാലെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയിരുന്നു. 
 

click me!