കേരള സ്റ്റാര്‍ട്ടപ് മിഷൻ 'ബിഗ് ഡെമോ ഡേ' രണ്ടാം ഘട്ടം ആ​ഗസ്റ്റിൽ: വെര്‍ച്വല്‍ വിപണന പ്ലാറ്റ്ഫോമുമായി കെഎസ്‍യുഎം

By Web Team  |  First Published Jul 1, 2020, 5:35 PM IST

പരിപാടിയില്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. രണ്ടായിരത്തിലധികം പേര്‍ സന്ദര്‍ശിച്ച പരിപാടിയില്‍ മുന്നൂറിലധികം തത്സമയ ആശയവിനിമയങ്ങള്‍ നടന്നതായി കേരള സ്റ്റാർട്ടപ് മിഷൻ വ്യക്തമാക്കി. 


തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും ബിസിനസില്‍ സഹകരിച്ചു മുന്നേറാനുള്ള വന്‍സാധ്യതകള്‍ക്ക് അവസരമൊരുക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്‍യുഎം) 'ബിഗ് ഡെമോ ഡേ'യുടെ രണ്ടാം ഘട്ടം ആ​ഗസ്റ്റിൽ.

ഇന്നലെ അവസാനിച്ച അഞ്ച് ദിവസം നീണ്ടുനിന്ന ആദ്യ ഘട്ടത്തിന്റെ ഭാ​ഗമായി തുടക്കമിട്ട "ക്രോസ് സെല്‍ ബിസിനസ്" വെര്‍ച്വല്‍ വിപണന പ്ലാറ്റ്ഫോമിലൂടെ വ്യവസായങ്ങളുമായി സഹകരിക്കാന്‍ മുപ്പതിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി ചര്‍ച്ചകള്‍ നടത്തി. സ്റ്റാര്‍ട്ടപ്പുകളില്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് നിക്ഷേപകരും പരിപാടിയില്‍ സജീവമായിരുന്നു. 

Latest Videos

undefined

വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, സ്വതന്ത്ര പ്രവര്‍ത്തകര്‍, കണ്‍സള്‍ട്ടന്‍റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി വ്യക്തിഗതമായി സംവദിക്കുന്നതിനും പരിപാടി വേദിയായി.

www.business.startupmission.in എന്ന വെർച്വൽ വിപണന പ്ലാറ്റ്ഫോമിലൂടെ വ്യവസായ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും ചെലവുകുറഞ്ഞ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കാനായിരുന്നു കെഎസ്‍യുഎം 'ബിഗ് ഡെമോ ഡേ' സംഘടിപ്പിച്ചത്. 

മേൽനോട്ടം കെഎസ്‍യുഎമ്മിന് 

പരിപാടിയില്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. രണ്ടായിരത്തിലധികം പേര്‍ സന്ദര്‍ശിച്ച പരിപാടിയില്‍ മുന്നൂറിലധികം തത്സമയ ആശയവിനിമയങ്ങള്‍ നടന്നതായി കേരള സ്റ്റാർട്ടപ് മിഷൻ വ്യക്തമാക്കി. ഇനിമുതൽ വ്യവസായസ്ഥാപങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി നേരിട്ട് ആശയവിനിമയത്തിലേര്‍പ്പെടാൻ കഴിയും എന്നതായിരുന്നു വെർച്വൽ പ്ലാറ്റ്ഫോമിന്റെ ​ഗുണം. ഇതിന് കെഎസ്‍യുഎം മേല്‍നോട്ടം വഹിക്കും. 

ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിന് കെഎസ്‍യുഎം തുടക്കമിട്ടത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നതിന്  അനുയോജ്യമാണ് ഇവയെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്തി അവ പ്രയോജനപ്പെടുത്താം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ  ആവശ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാം. അനുയോജ്യമായ  പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകളെത്തും. നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി സംവദിക്കാനുള്ള അവസരവും പ്ലാറ്റ്ഫോമിലുണ്ട്.

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായാണ് പരിപാടി നടന്നത്. സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയാണ് രണ്ടുമാസത്തിലൊരിക്കല്‍ നടത്തുന്ന 'ബിഗ് ഡെമോ ഡേ'യുടെ ലക്ഷ്യം. ഇതിന്‍റെ രണ്ടാം പതിപ്പ് ആഗസ്റ്റ് 24 മുതല്‍ 28 വരെ നടക്കും.
 

click me!