ലോക്ക്ഡൗണില്‍ വില്‍പന വര്‍ധിച്ചു; ലാഭം നേടി ദിനേശ് ബീഡി കമ്പനി

By Web Team  |  First Published Jul 2, 2020, 1:13 PM IST

തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലകുറഞ്ഞ ബീഡി എത്തുന്നത് നിലച്ചു. അതുകൊണ്ട് തന്നെ ദിനേശ് ബീഡിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചെന്ന് കേരള ദിനേശ് സൊസൈറ്റി ചെയര്‍മാന്‍ സി രാജന്‍ പറഞ്ഞു.
 


കോഴിക്കോട്: ലോക്ക്ഡൗണില്‍ ലാഭം വര്‍ധിപ്പിച്ച് കേരള ദിനേശ് ബീഡി കോ ഓപറേറ്റീവ് സൊസൈറ്റി. ലോക്ക്ഡൗണിന് മുമ്പുള്ളേതിനേക്കാള്‍ വില്‍പനയും വര്‍ധിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണില്‍ ബീഡിക്കുള്ള ആവശ്യകത വര്‍ധിച്ചു. എന്നാല്‍ തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലകുറഞ്ഞ ബീഡി എത്തുന്നത് നിലച്ചു. അതുകൊണ്ട് തന്നെ ദിനേശ് ബീഡിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചെന്ന് കേരള ദിനേശ് സൊസൈറ്റി ചെയര്‍മാന്‍ സി രാജന്‍ പറഞ്ഞു. 

കുറഞ്ഞ ഉല്‍പാദന ചെലവാണ് ബംഗാളിലെയും തമിഴ്‌നാട്ടിലെയും ബീഡി കമ്പനികളുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. 1000 ബീഡി തെറുക്കാന്‍ 504 രൂപയാണ് കേരളത്തില്‍ കൂലി കൊടുക്കുന്നത്. എന്നാല്‍ പുറത്ത് 75 രൂപ മാത്രമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കുറഞ്ഞ വിലക്ക് ബീഡി വില്‍ക്കാനാകും. സംസ്ഥാനത്തിന് പുറത്തായതിനാല്‍ നികുതിയും കുറവാണ്. ദിനേശ് സൊസൈറ്റി 1.5 കോടിയാണ് പ്രതിമാസം നികുതിയിനത്തില്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഉല്‍പാദന ചെലവ് അധികമാണ്. ലോക്ക്ഡൗണ്‍ സീസണില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബീഡി വരവ് നിലച്ചതോടെയാണ് വില്‍പനയും ലാഭവും വര്‍ധിച്ചതെന്നും സി രാജന്‍ പറഞ്ഞു. 

Latest Videos

ലോക്ക്ഡൗണ്‍ കാലത്ത് പുകയിലയും ബീഡിയിലയും തൊഴിലാളികളുടെ വീട്ടിലെത്തിച്ചായിരുന്നു ഉല്‍പാദനം. ലോക്ക്ഡൗണ്‍ കാലത്ത് പ്രതിമാസം 6-7 കോടി ബീഡിയിയാരുന്നു വില്‍പനയെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ എം സന്തോഷ്‌കുമാര്‍ പറഞ്ഞു.
 

click me!