റെഡ് ക്രോസിൽ ഒരു പാരാമെഡിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്രിറ്റ്സ് പതിനാറാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ കമ്പനി ആരംഭിച്ചു.
പാപ്പരത്ത നടപടികൾക്ക് വിധേയമായ ആദ്യത്തെ ഇന്ത്യൻ എയർലൈൻ കമ്പനിയായ ജെറ്റ് എയർവേസ് പതിനെട്ട് മാസങ്ങൾക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്നു. കൽറോക്ക് ക്യാപിറ്റൽ, മുരാരി ലാൽ ജലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എയർലൈനിനെ പുനരുജ്ജീവിപ്പിക്കാനുളള പ്രവർത്തനങ്ങൾ. കൽറോക്ക് ക്യാപിറ്റൽ, മുരാരി ലാൽ ജലൻ സംയുക്ത കൺസോർഷ്യത്തിന്റെ പ്രമേയ പദ്ധതിക്ക് വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ -വോട്ടിംഗിലൂടെ അംഗീകരം നൽകി.
"ഇ-വോട്ടിംഗ് ഇന്ന് സമാപിച്ചു. ഒക്ടോബർ 17,2020 ന് മുരാരി ലാൽ ജലനും ഫ്ലോറിയൻ ഫ്രിറ്റ്ഷും ജെറ്റ് എയർവേസിനായി സമർപ്പിച്ച റെസല്യൂഷൻ പ്ലാൻ, കോഡിന്റെ 30 (4) വകുപ്പ് പ്രകാരം വിജയകരമായ റെസല്യൂഷൻ പ്ലാനായി വായ്പാദാതാക്കളുടെ സമിതി (CoC) അംഗീകരിച്ചു, ” റെസല്യൂഷൻ പ്രൊഫഷണൽ അറിയിച്ചു.
undefined
കൽറോക്ക് കൺസോർഷ്യം സമർപ്പിച്ച പദ്ധതിയിൽ സമിതിയിലെ ഭൂരിപക്ഷവും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജെറ്റ് എയർവേസിന്റെ റെസല്യൂഷൻ നടപടികൾക്ക് ഇനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. എൻസിഎൽടി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, യഥാക്രമം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയർലൈൻ പ്രവർത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമർപ്പിക്കണം.
ഇനിയും കടമ്പകൾ ഏറെ
പ്രധാന വിമാനത്താവളങ്ങളിലെ ജെറ്റ് എയർവേയ്സ് സ്ലോട്ടുകളും അതിന്റെ ട്രാഫിക് അവകാശങ്ങളും മറ്റ് വിമാനക്കമ്പനികൾക്ക് താൽക്കാലികമായി നൽകിയിരിക്കുകയാണ്. കമ്പനിയുടെ ഓപ്പറേറ്റിംഗ് പെർമിറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്, അത് സജീവമാക്കേണ്ടതുണ്ട് കൂടാതെ പൈലറ്റുമാരുടെയും എഞ്ചിനീയർമാരുടെയും ലൈസൻസുകൾ പുതുക്കുകയും വേണം. പുതിയ ഉടമകൾക്ക് മുന്നിൽ അനേകം കടമ്പകളുണ്ട് ഇനിയും.
സ്ലോട്ടുകളും അവകാശങ്ങളും ഒരു പ്രശ്നമാകില്ലെന്ന് സിവിൽ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. "സ്ലോട്ടുകളും അവകാശങ്ങളും പൂളിലേക്ക് തിരികെ പോകുകയും എയർലൈനിന്റെ വലുപ്പത്തിനും ആവശ്യത്തിനും അനുസരിച്ച് വീണ്ടും അനുവദിക്കുകയും ചെയ്യും. സ്ലോട്ടുകളിൽ പ്രശ്നങ്ങളൊന്നുമില്ല, ” മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ധനകാര്യ വായ്പാദാതാക്കൾ, ഓപ്പറേഷൻസ് രംഗത്ത് കിട്ടക്കടമായവർ, ജീവനക്കാർ എന്നിവരുടെ ക്ലെയിമുകൾ 40,000 കോടി രൂപയായി ഉയർന്നു, അതിൽ 15,525 കോടി രൂപയുടെ ക്ലെയിമുകൾ റെസല്യൂഷൻ പ്രൊഫഷണൽ അംഗീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയ ധനകാര്യ വായ്പക്കാർ 11,344 കോടി രൂപ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 7,459. 80 കോടി രൂപ മാത്രമാണ് അംഗീകരിച്ചത്.
വിമാനക്കമ്പനികൾ ഇപ്പോൾ ദുർബലമാണ്
"കൊവിഡ് -19 കാരണം ആഗോളതലത്തിൽ വ്യോമയാന കമ്പനികൾ ദുരിതമനുഭവിക്കുമ്പോൾ പുതിയ നിക്ഷേപകർക്ക് ഇത് അവസരങ്ങളും നൽകിയിട്ടുണ്ട്. വിമാന നിർമ്മാതാക്കളുമായും വിതരണക്കാരുമായും മികച്ച നിരക്കുകൾ ചർച്ച ചെയ്യാൻ പുതിയ ഉടമകൾക്ക് ഇതിലൂടെ കഴിയും. പാട്ട നിരക്ക് കുറഞ്ഞു. പൈലറ്റ് ലഭ്യതയും കൂടി, പലരും കുറഞ്ഞ പാക്കേജുകളിൽ ജോലിക്ക് ചേരാൻ തയ്യാറാകാം, ”ഏവിയേഷൻ കൺസൾട്ടന്റ് കെ ജി വിശ്വനാഥ് പറഞ്ഞു.
ഇന്ത്യയിൽ നിലവിലുള്ള വിമാനക്കമ്പനികൾ ഇപ്പോൾ വളരെ ദുർബലമാണ്, ഗതാഗതം കുറയുന്നതുമൂലം ഉയർന്ന നഷ്ടം അവർ നേരിടുന്നു. പുതിയ ഉടമകൾ എങ്ങനെയാണ് ജെറ്റ് എയർലൈനിനെ മാറ്റിയെടുക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ച് നിലവിൽ വ്യക്തതക്കുറവുളളതായാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
യൂറോപ്യൻ സംരംഭകനായ ഫ്ലോറിയൻ ഫ്രിറ്റ്ഷാണ് കാൽറോക്ക് ക്യാപിറ്റൽ സ്ഥാപിച്ചത്. റെഡ് ക്രോസിൽ ഒരു പാരാമെഡിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്രിറ്റ്സ് പതിനാറാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ കമ്പനി ആരംഭിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം ഇലക്ട്രോ മൊബിലിറ്റി, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജ്ജം എന്നിവയിൽ നിക്ഷേപം നടത്തിവരുകയാണ്. 2008 ൽ ടെസ്‍ലയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.
റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ, പ്രത്യേക സാഹചര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാമ്പത്തിക ഉപദേശക, അസറ്റ് മാനേജുമെന്റ് കമ്പനിയാണ് കൽറോക്ക്. യുഎഇ, ഇന്ത്യ, റഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ്, മൈനിംഗ്, ട്രേഡിംഗ്, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്ന ദുബായ് ആസ്ഥാനമായുള്ള വ്യവസായി മുരാരി ലാൽ ജലനുമായി പങ്കാളികളായാണ് ജെറ്റ് എയർവേസ് സംരംഭത്തിന് അവർ എത്തുന്നത്. 2019 ജൂൺ മുതൽ ജെറ്റ് എയർവേസ് പാപ്പരത്തത്തിലാണ്.