രാജ്യത്തുടനീളമുളള ആഭ്യന്തര സ്ലോട്ടുകളിൽ പ്രവർത്തിപ്പിക്കാനും റെഗുലേറ്റർമാരിൽ നിന്നും നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്നും അനുമതി ലഭിച്ചുകഴിഞ്ഞാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനും എയർലൈൻ പദ്ധതിയിടുന്നു.
ദില്ലി: ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ഡിസംബർ 17ന് ജെറ്റ് എയർവേസിനായുള്ള പുനരുജ്ജീവന പദ്ധതി സംബന്ധിച്ച് വാദം കേൾക്കും. നേരത്തെ ഡിസംബർ 11 ന് പരിഗണിക്കാനിരുന്ന കേസ് സമയക്കുറവ് മൂലമാണ് ഡിസംബർ 17 ലേക്ക് മാറ്റിയത്. വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് 2021 വേനൽക്കാലത്ത് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നാണ് പുതിയ ഉടമകൾ ഈ മാസം ആദ്യം അറിയിച്ചത്.
ഡിസംബർ ഏഴിനാണ് ദുബായ് സംരംഭകനായ മുരാരി ലാൽ ജലന്റെയും ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലിന്റെയും നേതൃത്വത്തിലുള്ള കൺസോർഷ്യം എയർലൈനിനായി പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചത്.
undefined
“ജെറ്റ് 2.0 പ്രോഗ്രാം ജെറ്റ് എയർവേസിന്റെ മുൻകാല മഹത്വം പുനരുജ്ജീവിപ്പിക്കുകയാണ്, എല്ലാ റൂട്ടുകളിലും കൂടുതൽ കാര്യക്ഷമതയും ഉൽപാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി പുതിയ പ്രക്രിയകളും സംവിധാനങ്ങളും ഉൾക്കൊള്ളുന്നു,” കൺസോർഷ്യം പ്രസ്താവനയിൽ പറഞ്ഞു. കനത്ത കട ബാധ്യതയെ തുടർന്നാണ് ജെറ്റ് എയർവേസ് 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തിയത്.
രാജ്യത്തുടനീളമുളള ആഭ്യന്തര സ്ലോട്ടുകളിൽ പ്രവർത്തിപ്പിക്കാനും റെഗുലേറ്റർമാരിൽ നിന്നും നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്നും അനുമതി ലഭിച്ചുകഴിഞ്ഞാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനും എയർലൈൻ പദ്ധതിയിടുന്നു. പുനരുജ്ജീവന പദ്ധതി പ്രകാരം ജെറ്റ് 2.0 ഹബുകളായ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവ മുമ്പത്തെപ്പോലെ തന്നെ തുടരും. നഷ്ടപ്പെട്ട ബിസിനസ് കരുത്ത് വീണ്ടെടുക്കാൻ ഇത് കാരിയറിനെ സഹായിക്കും. സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന നഗരങ്ങളിൽ സബ് ഹബുകൾ സൃഷ്ടിക്കാനും പുതിയ ഉടമകളുടെ കീഴിൽ ജെറ്റ് എയർവേസിന് പദ്ധതിയുണ്ട്. ടയർ 2, ടയർ 3 നഗരങ്ങളെ ഇതിനായി പരിഗണിക്കും.
സ്ലോട്ടുകളും ഉഭയകക്ഷി ഗതാഗത അവകാശങ്ങളും പുന: സ്ഥാപിക്കുന്നതിനും എയർലൈൻ കാത്തിരിക്കുന്നു. 2020 ഒക്ടോബറിൽ കൺസോർഷ്യം സമർപ്പിച്ച പുനരുജ്ജീവന പദ്ധതിക്ക് ജെറ്റ് എയർവേസിന്റെ വായ്പാദാതാക്കളുടെ സമിതി (സിഒസി) അംഗീകാരം നൽകിയിരുന്നു. 44,000 കോടി ക്ലെയിം തേടുന്ന 21,000 ത്തോളം കടക്കാരാണ് എയർലൈനിനുള്ളത്.