ടൈഗർ ഗ്ലോബൽ, ഫാൽക്കൺ എഡ്ജ്, സെക്വിയ കാപിറ്റൽ, ആക്സൽ, ബ്ലൂം വെഞ്ച്വേർസ് എന്നിവരായിരുന്നു 2021 ലെ ഏറ്റവും ആക്ടീവായ നിക്ഷേപകർ.
ദില്ലി: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് (Startup company) 2021 വലിയ നേട്ടങ്ങളുടെ ഭാഗ്യവർഷമായെന്ന് കണക്കുകൾ പറയുന്നു. 36 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാർട്ട്അപ്പുകളിലേക്ക് എത്തിയത്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോമായ(investment data platform) പ്രികിനാണ് കണക്കുകൾ പുറത്തുവിട്ടത്. കൊവിഡിന്റെ പിടിയിലമർന്ന 2020 ൽ ഇന്ത്യൻ സ്റ്റാർട്ട്അപ്പുകൾക്ക് 11 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കിട്ടിയത്. പ്രി ഐപിഒ ഫണ്ടിംഗായി ഒല, സൊമാറ്റോ, പോളിസി ബസാർ, നൈകാ, പേടിഎം തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് എത്തിയത് 5.58 ബില്യൺ ഡോളറായിരുന്നു.
ഇതിന് പുറമെ റിസ്ക് കാപിറ്റൽ ഫണ്ടുകളും വർധിച്ചു. ഇതിലൂടെ കമ്പനികൾക്ക് അവരുടെ വാല്വേഷനിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ടൈഗർ ഗ്ലോബൽ, ഫാൽക്കൺ എഡ്ജ്, സെക്വിയ കാപിറ്റൽ, ആക്സൽ, ബ്ലൂം വെഞ്ച്വേർസ് എന്നിവരായിരുന്നു 2021 ലെ ഏറ്റവും ആക്ടീവായ നിക്ഷേപകർ. സോഫ്റ്റ് ബാങ്ക് മാത്രം ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളിൽ ഈ വർഷം മൂന്ന് ബില്യൺ ഡോളറാണ് നിക്ഷേപിച്ചത്.
ഒരൊറ്റ വർഷം ജപ്പാനിൽ നിന്നുള്ള ഈ നിക്ഷേപ കമ്പനി ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്.
ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളിൽ 40ഓളം കമ്പനികളാണ് 2021 ൽ യൂണികോണുകളായി മാറിയത്. വെറും ആറ് മാസം കൊണ്ട് യൂണികോണായി മാറിയ മെൻസ ബ്രാന്റും ഇക്കൂട്ടത്തിലുണ്ട്. ക്രഡ്, ഗ്രോവ്, കാർഡ്സ്24, ലിഷ്യസ് തുടങ്ങിയ കമ്പനികൾ അവരുടെ വാല്വേഷൻ 2021 ൽ പല മടങ്ങായി ഉയർത്തി.