ഈയിടെ നടന്ന സ്പെക്ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ഉത്സാഹത്തോടെ പങ്കെടുത്തത് ജിയോയായിരുന്നു.
ദില്ലി: ഏറെക്കാലമായി സബ്സ്ക്രൈബർമാരുടെ കൊഴിഞ്ഞുപോക്കിനെ പിടിച്ചുനിർത്താൻ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടംതിരിഞ്ഞുനിന്ന വൊഡഫോൺ ഐഡിയക്ക് ആശ്വാസം. ജനുവരി മാസത്തിൽ കമ്പനിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 2021 ജനുവരിയിൽ 0.6 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.
17.1 ലക്ഷം സബ്സ്ക്രൈബർമാരാണ് വർധിച്ചത്. എന്നാൽ ആക്ടീവ് സബ്സ്ക്രൈബർമാരുടെ എണ്ണം 0.1 ശതമാനം ഇടിഞ്ഞു. 3 ലക്ഷമാണ് തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ചുള്ള ഇടിവ്. ഇതേ സമയത്ത് ഭാരതി എയർടെൽ 6.9 ദശലക്ഷം ആക്ടീവ് സബ്സ്ക്രൈബർമാരുമായി മുന്നിലെത്തി. 34 ലക്ഷം സബ്സ്ക്രൈബർമാരെ റിലയൻസ് ജിയോക്ക് ഇതേ സമയത്ത് നഷ്ടമായി.
ഈയിടെ നടന്ന സ്പെക്ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ഉത്സാഹത്തോടെ പങ്കെടുത്തത് ജിയോയായിരുന്നു. വരും കാലത്ത് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ജിയോ വൻ കുതിപ്പുണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം ഭാരതി എയർടെലും ശക്തരാണ്. ഇരു കമ്പനികളും തങ്ങളുടെ സ്വാധീനം വളർത്താനുള്ള പരിശ്രമത്തിലാണ്.