കൊവിഡ് ലോക്ക്ഡൗണിൽ ഐടി ജോലി രാജിവെച്ച് പുതിയ ബിസിനസിലേക്ക് കടന്ന മലയാളി പെൺകുട്ടി നേടിയത് വൻ വിജയം
പെയിന്റിങ് ബ്രഷും ഉറച്ച ആത്മവിശ്വാസവും. അതായിരുന്നു മറ്റാരും നടക്കാൻ മടിക്കുന്ന പാതയിലേക്ക്, ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് നടക്കുമ്പോൾ ഹർഷയുടെ കരുത്ത്. മുഖം ചുളിച്ചവരും സംശയത്തോടെ അടക്കം പറഞ്ഞവരും ചുറ്റിലുമുണ്ടായിരുന്നു. എന്നിട്ടും പ്ലാസ്റ്റികിനെതിരായ പോരാട്ടത്തിൽ ഹർഷയും ഐറാലൂമും പുതിയ പാത വെട്ടി. ഇന്ന് ഇന്ത്യയൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി.
ബാലുശേരിക്കടുത്ത് ഇയ്യാടാണ് ഹർഷയുടെ സ്വദേശം. അനുജൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചാണ് ബയോടെക്നോളജി ബയോ കെമിക്കൽ എഞ്ചിനീയറിങ് ബിരുദം കൈയ്യിലുള്ള ഈ പെൺകുട്ടി സ്വന്തം സംരംഭം എന്ന നിലയിലേക്ക് മാറിയത്. പ്ലാസ്റ്റിക്കിന് വിലക്ക് വന്നപ്പോഴായിരുന്നു കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലേക്ക് സമൂഹത്തിനെ ഐറാലൂം നയിച്ചത്.
undefined
തിരുവനന്തപുരത്ത് മോഹൻദാസ് കോളേജിൽ നിന്ന് ഹർഷ എഞ്ചിനീയറിങ് പൂർത്തിയാക്കിയത് 2015 ലായിരുന്നു. പിന്നീട് നാല് വർഷം ഐടി സെക്ടറിൽ ജോലി. ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രവർത്തിച്ചു. ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന ഹർഷ ഇതിനോടകം ഒറ്റയ്ക്കും അല്ലാതെയും പലയിടത്തും തന്റെ പെയിന്റിങ് എക്സിബിഷനുകൾ നടത്തി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരെത്തി. ചിത്രങ്ങൾ വരച്ച് വിൽക്കാനുള്ള ധൈര്യം കിട്ടിയതും ഇങ്ങിനെയാണ്.
ഐടി ജോലിക്കൊപ്പം പെയിന്റിങ്സും കസ്റ്റമൈസ്‌ഡ് ഗിഫ്റ്റുകളും വിറ്റതിലൂടെയാണ് പുതിയ സ്റ്റാർട്ട്പ്പിലേക്ക് നീങ്ങാൻ ഹർഷയ്ക്ക് ധൈര്യമായത്. ലോക്ക്ഡൗൺ കാലത്ത് വലിയ ഓർഡറുകൾ ലഭിച്ചത് അതിനുള്ള വഴിത്തിരിവായി.
'ഐടി സെക്ടറിലെ ജോലി 2019 ലാണ് രാജിവെച്ചത്. സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായാണ് പ്രവർത്തനം തുടങ്ങിയത്. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്ന് തുടക്കത്തിൽ ഓർഡർ വന്നു. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ് നൽകുന്നത്. പല കാറ്റഗറികളിൽ ഉൽപ്പന്നങ്ങളുണ്ട്. ഹോം ഡെക്കർ, ഓഫീസ് സ്റ്റേഷനറി, ഗിഫ്റിങ് തുടങ്ങി പല കാറ്റഗറികളിൽ ഉണ്ട്. നിർമ്മാണത്തിനായി സ്വന്തം യൂണിറ്റും ഉണ്ട്. ഇതിന് പുറമെ കുടുംബശ്രീ അടക്കമുള്ള, സ്റ്റിച്ചിങ് മെഷീനുകൾ കൈയ്യിലുള്ള ചെറിയ യൂണിറ്റുകളെ ക്ലസ്റ്ററുകളായി കണക്ട് ചെയ്താണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് പലയിടത്തായി കരകൗശല പണിക്കാരുടെ സംഘവും ഐറാലൂമിന് ഉൽപ്പന്നങ്ങളുണ്ടാക്കുന്നുണ്ട്,' - ഹർഷ പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങൾ
പ്രവർത്തനം തുടങ്ങി അധികം വൈകാതെ നേട്ടങ്ങളുടെ പട്ടികയിൽ ഐറാലൂം ഇടംപിടിച്ചു. യുണൈറ്റഡ് നേഷന്റെ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളുടെ പട്ടികയിലാണ് ഈ കമ്പനി ഇടംപിടിച്ചത്. സ്റ്റാർട്ട്അപ്പ് മിഷൻ, ഐഐഎം കോഴിക്കോട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങിലൊക്കെ ഇൻകുബേഷനും പിന്തുണയും ഹർഷയുടെ കമ്പനിക്ക് ലഭിക്കുന്നുണ്ട്. രണ്ട് ഗ്രാന്റുകളും ഇതിനോടകം ലഭിച്ചു.
വലിയ ലക്ഷ്യങ്ങൾ
ഓൾ ഇന്ത്യാ ലെവലിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഹർഷയും സഹോദരൻ നിതിനും ലക്ഷ്യമിടുന്നത്. ഈ ഉദ്ദേശത്തോടെ വെബ്സൈറ്റ് വലുതാക്കും. യു എൽ സി സി യുമായിയി കണക്ട് ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന് ഹർഷ പറഞ്ഞു. വലിയ വലിയ ഓർഡറുകൾ സ്വീകരിക്കാനും ഉൽപ്പന്നങ്ങൾ കൈമാറാനും ബിസിനസ് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യം. കേരളത്തിലെ കരകൗശല വിദഗ്ദ്ധരെയും സംസ്ഥാനത്തിന് പുറത്തുള്ളവരെ ഈ സെക്ടറിലെ പണിക്കാരെയും ബന്ധിപ്പിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. അരലക്ഷമോ, ഒരു ലക്ഷമോ അതിലധികമോ ഓർഡറുകൾ വന്നാൽ നിഷ്പ്രയാസം അത് ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹർഷ പറഞ്ഞു. ബാംബൂ സെക്ടറിൽ കൂടുതൽ ഉൽപ്പന്നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കണം. കരകൗശല വിദഗ്ദ്ധരുടെ സഹായത്തോടെ, അവർക്ക് തന്നെ വിപണി ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ് ലക്ഷ്യമിടുന്നത്. മുനിസിപ്പൽ കോർപറേഷൻ, സ്വകാര്യ സംരംഭങ്ങളുമൊക്കെയായി ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
നോ പറയാതെ കുടുംബം
വരയും ഹർഷയും തമ്മിൽ ജന്മനാ ഉള്ള ബന്ധം വ്യക്തമായ അറിയുന്ന കുടുംബം, അവൾ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയപ്പോഴും നോ പറഞ്ഞില്ല. ഐടി സെക്ടറിലെ ജോലി താൻ വിടുമെന്നും പാഷനെ ഫോളോ ചെയ്യുമെന്നും മുൻ പൊലീസുകാരനായ അച്ഛൻ രാജിനും അമ്മ അനിതയ്ക്കും അറിയാമായിരുന്നുവെന്ന് ഹർഷ പറയുന്നു. പൊതുവേ നോ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും നല്ല പിന്തുണ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടെന്ന് അവർ പറയുന്നു.
150 ലേറെ പേർക്ക് വരുമാനം
ഇന്ന് ഐറാലൂമിന്റെ ആലുവ ഓഫീസിൽ നാല് പേർ ജീവനക്കാരായുണ്ട്. തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ വൈകാതെ ഓഫീസ് തുറക്കും. അഞ്ച് പേർക്ക് അവിടെ ജോലി ലഭിക്കും. കരകൗശല വിദഗ്ദ്ധരും സ്ത്രീകളും സലീം അലി ഗ്രൂപ്പ്, ബ്രാഹ്മിൺസ് ഗ്രൂപ്പ് തുടങ്ങി പലവഴികളിലായി 150 ഓളം പേർക്ക് വരുമാനം നൽകാൻ ഐറാലൂം വഴി ഹർഷയ്ക്കും സഹോദരനും സാധിക്കുന്നുണ്ട്. ഇതിന് പുറമെ കരകൗശല വിദഗ്ദ്ധരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരവും ഐറാലൂമിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.