അമ്പതോളം പേരാണ് ഒരു ഹാളിൽ ഉറങ്ങുന്നത്. അവർക്ക് കൃത്യമായ കിടക്കയോ കട്ടിലോ ഒന്നും കൊടുക്കുന്നില്ല. ഇരുപത്തഞ്ചു പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ടോയ്‌ലെറ്റ് പോലും ഉള്ളത്.
കൊവിഡ് മഹാമാരി ലോകത്തിലെ ഒട്ടുമിക്ക വ്യവസായങ്ങളെയും തളർത്തിയപ്പോൾ, കൊവിഡ് എന്ന പകർച്ചവ്യാധി സൃഷ്‌ടിച്ച സവിശേഷ സാഹചര്യം വ്യാപാരം പത്തിരട്ടിയാക്കിയ അപൂർവം ചില സംരംഭങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഡിസ്പോസബിൾ കയ്യുറകൾ അഥവാ ഹാൻഡ് ഗ്ലൗസ് നിർമ്മിക്കുന്ന ഫാക്ടറികൾ. ലോകത്തെ ഏറ്റവും വലിയ കയ്യുറ നിർമാതാക്കളാണ് മലേഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ടോപ്പ് ഗ്ലൗ' എന്ന കമ്പനി. "നിങ്ങൾ ലോകത്തെവിടെയാണെങ്കിലും, ചെയ്യുന്നത് എന്തുതന്നെ ആയാലും, കയ്യുറകൾ ധരിക്കുന്നത് അപകടം ഒഴിവാക്കും" എന്നാണ് അവരുടെ പരസ്യത്തിലെ സൗമ്യസ്വരം പറയുന്നത്. "ടോപ്പ് ക്വാളിറ്റി, ടോപ്പ് എഫിഷ്യൻസി" എന്നാണ് അവരുടെ മുദ്രാവാക്യം തന്നെയും.
ആശുപത്രികളിൽ, അണുബാധയ്ക്ക് സാധ്യതയുള്ള ഇടങ്ങളിൽ ഒക്കെ സ്ഥിരസാന്നിദ്ധ്യമായ ഡിസ്പോസബിൾ റബ്ബർ ഗ്ലൗസ് എന്നത് കൊവിഡ് കാലത്ത് ഏറെ ഡിമാൻഡ് ഉണ്ടായ ഒരു ഉത്പന്നമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇറങ്ങുന്നവരുടെയും, രോഗഭീതി നിലനിൽക്കുന്ന ഇടങ്ങളിൽ നിത്യനിദാനത്തിന് ഇറങ്ങുന്നവരുടെയും ഒക്കെ ആദ്യത്തെ രോഗപ്രതിരോധ ആയുധം തന്നെ ഈ കയ്യുറകൾ ആണ്. ഇന്ന് ലോകത്തിൽ ഉപയോഗിക്കപ്പെടുന്ന കയ്യുറകളുടെ 60 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നത് മലേഷ്യയിൽ നിന്നാണ്. അതിന്റെ മൂന്നിൽ ഒന്നും പോകുന്നത് അമേരിക്കയിലേക്കാണ്.
undefined
ഇപ്പോൾ, കയ്യുറകളുടെ ഉപയോഗം കൂടിയ സാഹചര്യത്തിൽ എക്സ്ട്രാ ഷിഫ്റ്റുകളിൽ ഒക്കെയായി ഫാക്ടറികൾ തങ്ങളുടെ ഉത്പാദനക്ഷമതയുടെ പരമാവധി ആർജ്ജിക്കാനുള്ള പരിശ്രമത്തിലാണ്. എന്നാൽ, ഈ സാഹചര്യത്തിൽ തന്നെയാണ് 'ടോപ്പ് ഗ്ലൗ' അടക്കമുള്ള കമ്പനികൾ തങ്ങളുടെ സ്വദേശികളും വിദേശികളുമായ തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതകളും വിവേചനങ്ങളും പൊതുമണ്ഡലത്തിലേക്ക് വന്നെത്തിയിട്ടുള്ളത്. ഈ ഫാക്ടറികളിൽ പലതും അടിമപ്പണിക്ക് സമാനമായ സാഹചര്യം നിലവിലുണ്ട് എന്നാണ് ലേബർ റൈറ്റ്സ് സംഘടനകൾ പറയുന്നത്.
ജൂലൈ മാസത്തിൽ അമേരിക്കയിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി 'ടോപ്പ് ഗ്ലൗ' എന്ന കമ്പനിയുടെ ഉത്പന്നങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത് നിരോധിച്ചു. ഈ സ്ഥാപനം അതിന്റെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്നതിന്റെ പര്യാപ്തമായ തെളിവുകൾ ഏജൻസിക്ക് ലഭിച്ചതിനെത്തുടർന്നാണ് ഏജൻസിയുടെ നടപടി. കടത്തിന്റെ പേരും പറഞ്ഞുള്ള ചൂഷണം, അമിതമായ ഓവർ ടൈം ജോലി, രേഖകൾ തടഞ്ഞു വെക്കൽ, മൃഗീയമായ തൊഴിൽ സാഹചര്യങ്ങൾ, വളരെ മോശപ്പെട്ട താമസ സൗകര്യങ്ങൾ എന്നിങ്ങനെ പല കരണങ്ങളുമാണ് ഏജൻസി വിവേചനങ്ങൾക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ട റബ്ബർ കൃഷിയും അനുബന്ധ വ്യവസായങ്ങളും കൈവരിച്ച വളർച്ചയാണ് ആഗോള തലത്തിൽ മലേഷ്യയെ, കയ്യുറ ഉത്പാദന രംഗത്തെ ഒരു പ്രധാന ശക്തിയാക്കി മാറ്റിയത്. മലേഷ്യയിലും വിദേശത്തുമായി 46 ഫാക്ടറികളുണ്ട് 'ടോപ്പ് ഗ്ലൗ' കമ്പനിക്ക്. കയ്യുറകൾ കയറ്റുമതി ചെയ്യുന്നതിലൂടെ 2020 -ൽ മാത്രം 'ടോപ്പ് ഗ്ലൗ' നേടും എന്ന് പ്രതീക്ഷിക്കപ്പെടുന്നത് 5.2 ബില്യൺ ഡോളർ വരുമാനമാണ്. കഴിഞ്ഞ കൊല്ലം വരെ പതിനേഴു കോടി ജോഡി കയ്യുറകൾ നിർമിച്ചു കയറ്റി അയച്ചിരുന്നത് കൊവിഡ് സാഹചര്യത്തിൽ 30 ശതമാനം വർധിച്ച്, 22 കോടി ജോഡികൾ ആയിട്ടുണ്ട്. ജൂൺ 11 നു പുറത്തുവന്ന പാദ വാർഷിക റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ലാഭം എട്ടരക്കോടി ഡോളറാണ്. ഈ മഹാമാരിക്കാലം തുടങ്ങിയപ്പോൾ തൊട്ട് ഓഹരിവിപണിയിലെ 'ടോപ്പ് ഗ്ലൗ' കുതിപ്പ് നടത്തുന്നുണ്ട്.
എല്ലാ ഫാക്ടറികളിലുമായി ഈ കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരുടെ എണ്ണം 34,000 ആണ്. അതിൽ മിക്കവരും, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്ന് ഈ കമ്പനിക്ക് വേണ്ടി ഇടനിലക്കാരായ ലേബർ സപ്ലൈ കമ്പനികൾ കൊണ്ട് കൊടുത്തതാണ്. പലരും ഒരു ലക്ഷം രൂപയിൽ അധികം പണം ഏജന്റുമാർക്ക് നൽകി എത്തിയിട്ടുള്ളവരാണ്. വട്ടിപ്പലിശക്ക് കടം വാങ്ങി ഈ പണം കൊടുത്ത് ഇവിടെ എത്തുന്നവർക്ക് പലർക്കും, കിട്ടുന്ന തുച്ഛമായ ശമ്പളം വെച്ച് വർഷങ്ങളോളം ഈ ഫാക്ടറികളിൽ കിടന്നു വിയർപ്പൊഴുക്കിയാൽ മാത്രമേ ആ കടം വീട്ടാൻ പോലും സാധിക്കൂ. അതുകൊണ്ട്, ജോലിയുടെ സാഹചര്യങ്ങൾ എത്ര മോശമായാലും, എന്ത് മോശപ്പെട്ട പെരുമാറ്റം കങ്കാണിമാരിൽ നിന്നുണ്ടായാലും, അതൊക്കെ സഹിച്ച് ഒരുതരം അടിമപ്പണി തന്നെ ചെയ്യാൻ അവർ നിർബന്ധിതരാകും.
ഈ ജോലിക്കാരിൽ പലരെയും താമസിപ്പിച്ചിട്ടുള ഇടങ്ങൾ വളരെ മോശമാണ്. അമ്പതോളം പേരാണ് ഒരു ഹാളിൽ ഉറങ്ങുന്നത്. അവർക്ക് കൃത്യമായ കിടക്കയോ കട്ടിലോ ഒന്നും കൊടുക്കുന്നില്ല. ചിലയിടങ്ങളിൽ ഒക്കെ കൃത്യമായ ഇൻസുലേഷനോ, എയർകണ്ടീഷനിംഗോ, ഫാനോ ഒന്നുമില്ലാത്ത കണ്ടെയ്നറുകളിൽ ഒന്നിനുമേൽ ഒന്നായുള്ള കട്ടിലുകളാണ് ഇവർക്ക് കിടക്കാൻ കൊടുക്കുന്നത്. ഇരുപത്തഞ്ചു പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ടോയ്‌ലെറ്റ് പോലും ഉള്ളത്. അതുകൊണ്ടുതന്നെ ഷിഫ്റ്റ് തുടങ്ങുന്നതിനും രണ്ടോ മൂന്നോ മണിക്കൂർ മുമ്പേ എഴുന്നേറ്റ് ക്യൂ നിന്നാലേ തൊഴിലാളികൾക്ക് തങ്ങളുടെ പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. പലരെയും മികച്ച ശമ്പളവും ഇതിനേക്കാൾ മെച്ചപ്പെട്ട ജോലികളും വാഗ്ദാനം ചെയ്താണ് ഏജന്റുമാർ പറഞ്ഞു പറ്റിച്ച് എത്തിക്കുന്നത്. അവരുടെ പാസ്‌പോർട്ടും മറ്റും ഏജൻറ് കൈക്കലാക്കുന്നതിനാൽ പലർക്കും തിരികെ പോകാൻ പോലും സാധിക്കാറില്ല.
അമേരിക്കൻ ഏജൻസിയുടെ നിരോധനം നിലവിൽ വന്നതോടെ മലേഷ്യൻ അധികാരികൾ വിഷയത്തിൽ ഇടപെടുകയും, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട നടപടികളിലേക്ക് കടക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് ഇപ്പോഴത്തെ സാഹചര്യം പുനഃപരിശോധിച്ച ശേഷം തങ്ങളുടെ നിരോധനം യുഎസ് ഏജൻസി നീക്കുകയുമുണ്ടായി അടുത്തിടെ. എന്നാൽ, പല കമ്പനികളിലും ഇനിയും തൊഴിൽ, താമസ സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് ലേബർ റൈറ്റ്സ് സംഘടനകൾ പറയുന്നത്.
കൊവിഡ് മഹാമാരി വന്ന് ഹാൻഡ് ഗ്ലൗസ് ഇൻഡസ്ട്രി അഭൂതപൂർവമായ അഭിവൃദ്ധി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എങ്കിലും, തങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ തങ്ങൾക്ക് ഏർപ്പെടുത്തിക്കിട്ടും എന്ന പ്രതീക്ഷയിലാണ് കയ്യുറ നിർമാണ രംഗത്തെ വൻകിട കമ്പനികളിൽ തൊഴിലെടുക്കുന്ന പാവപ്പെട്ട തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്.