ദില്ലി: കേന്ദ്രസർക്കാരിന് കോൾ ഇന്ത്യയിൽ നിന്ന് 3056 കോടി രൂപ ലഭിക്കും. ഒരു ഓഹരിക്ക് 7.50 രൂപ എന്ന നിരക്കിലാണ് 2020-21 സാമ്പത്തിക വർഷത്തിലേക്ക് ഡിവിഡന്റ് നിശ്ചയിച്ചിരിക്കുന്നത്. ആകെ 4622 കോടിയുടെ ഡിവിഡന്റാണ് കോൾ ഇന്ത്യ നൽകേണ്ടത്. നിലവിൽ കേന്ദ്രസർക്കാരിന് കോൾ ഇന്ത്യയിൽ 66.13 ശതമാനം ഓഹരിയുണ്ട്. ഒരു ഓഹരിയുടെ മുഖവില 10 രൂപയാണ്. ഇതിനാണ് 7.50 രൂപ ഡിവിഡന്റ് ലഭിക്കുന്നത്.
കൽക്കരി മേഖലയിൽ കൂടുതൽ ഉദാരവത്കരണ സമീപനം സ്വീകരിച്ച കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് സ്വകാര്യ ഖനനത്തിന് അനുമതി നൽകിയിരുന്നു. കേന്ദ്രസർക്കാർ മൊണോപൊളിയായിരുന്ന വ്യവസായ മേഖലയിലേക്ക് സ്വകാര്യ വത്കരണം വരുന്നത് വലിയ നേട്ടമാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
അതേസമയം കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൾ ഇന്ത്യക്ക്, രാജ്യത്തെ വിവിധ ഊർജോൽപ്പാദന കമ്പനികളിൽ നിന്നായി 23000 കോടി രൂപ ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലും കേന്ദ്രസർക്കാരിന് 3056 കോടി രൂപ ലാഭവിഹിതമായി നൽകാൻ സാധിക്കുന്നത് പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തന മികവിന്റെ ഉദാഹരണമാണ്.