യാത്രക്കാരന്റെ പെട്ടി കീറി, വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; മാനസിക പിരിമുറുക്കം ഉണ്ടായെന്നും വിലയിരുത്തല്‍

By Web Team  |  First Published Jan 24, 2020, 2:40 PM IST

2019 ജൂലൈ മാസത്തിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് പെട്ടി കീറിയത്.
 


മുംബൈ: യാത്രക്കാരന്റെ പെട്ടി കീറിപ്പോയ സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. മുംബൈ അന്ധേരി സ്വദേശി മരസ്ബൻ ഭറുച്ചയ്ക്കാണ് പെട്ടി കീറിയ വകയിൽ ഗോ എയർ എയർലൈൻസ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ജൂലൈ മാസത്തിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് പെട്ടി കീറിയത്.

കൺവെയർ ബെൽറ്റിൽ നിന്നും പെട്ടി എടുത്തപ്പോഴാണ് ഇതിന്റെ മുൻവശം കീറിയിരിക്കുന്നതായി ഭറുച്ചയുടെ ശ്രദ്ധയിൽപെട്ടത്.  ഉടൻ തന്നെ ഇത് എയർലൈൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. പരാതി ഇ -മെയിൽ ആയി അയക്കാനും പരിഹാരം കാണാമെന്ന ഉറപ്പും വിമാനക്കമ്പനി ജീവനക്കാർ നൽകി. എന്നാൽ, ഇ -മെയിലിന് യാതൊരു പ്രതികരണവും ഇല്ലാതെ വന്നതോടെ വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ
തർക്ക പരിഹാര ഫോറത്തെ ഭറുച്ച സമീപിക്കുകയായിരുന്നു.

Latest Videos

പെട്ടിക്ക് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നായിരുന്നു വിമാനക്കമ്പനിയുടെ പ്രതികരണം. നഷ്ടപരിഹാരം നൽകാൻ മാത്രമുള്ള തകരാർ സംഭവിച്ചിട്ടില്ലെന്നും, ആയിരം രൂപ നൽകാമെന്നും വിമാനക്കമ്പനി പറഞ്ഞു. എന്നാൽ, കമ്പനിയുടെ ഭാഗത്ത് നിന്ന് സേവനത്തിലും വ്യാപാരത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഫോറം വിലയിരുത്തി. പെട്ടിക്ക് സംഭവിച്ച തകരാറിന് 7500 രൂപയും യാത്രക്കാരൻ അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് 5000 രൂപയും നിയമ വ്യവഹാര ചെലവായി 3000 രൂപയും നൽകാൻ കമ്പനിയോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.
 

click me!