ഇന്ന് യെസ് ബാങ്കിന് രാജ്യത്ത് 1100 ബ്രാഞ്ചുകളുണ്ട്. 1800 എടിഎമ്മുകളും,21,000 -ലധികം ജീവനക്കാരും. 28.6 ലക്ഷം കസ്റ്റമർമാരും 2.09 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുള്ള ഈ ബൃഹദ് സ്ഥാപനം എങ്ങനെയാണ് പെട്ടെന്നൊരുനാൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് ?
ആദ്യം പിഎംസി ബാങ്ക്, പിന്നെ യെസ് ബാങ്ക്, അടുത്തത്...? ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ മുഴങ്ങുന്ന ചോദ്യം ഇതാണ്. യെസ് ബാങ്കിന്റെ പതനത്തിന് ഉത്തരവാദി ഇന്ത്യൻ സമ്പദ് വ്യവസ്ഥ താറുമാറാക്കിയ നരേന്ദ്ര മോദിയാണ് എന്ന ആക്ഷേപം വന്നത് സാക്ഷാൽ രാഹുൽ ഗാന്ധിയുടെ പക്ഷത്തു നിന്നാണ്. അത് മറ്റുള്ളവരും ആവർത്തിച്ചു. യെസ് ബാങ്ക്/നോ ബാങ്ക് ട്രോളുകൾക്കപ്പുറം, കുറച്ചുകാലം മുമ്പ് വരെ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ബാങ്ക്, ലക്ഷക്കണക്കായ നിക്ഷേപകരുടെ ആജീവനാന്തസമ്പാദ്യങ്ങളെ അനിശ്ചിതത്വത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് തകർന്നടിഞ്ഞതിനു പിന്നിലെ യഥാർത്ഥ കാരണങ്ങളെകുറിച്ചുള്ള ഒരു അന്വേഷണമാണിത്.
2004 ജനുവരി 21 -ന് പ്രവർത്തനാനുമതി ലഭിച്ച യെസ് ബാങ്ക് എന്ന സ്വകാര്യബാങ്ക് റീട്ടെയിൽ ബാങ്കിങ്ങിലെക്ക് കടക്കുന്നത് 2015 -ലാണ്. മാസ്റ്റർ കാർഡുമായി സഹകരിച്ച് ഇന്റർനാഷണൽ ഗോൾഡ്/സിൽവർ ഡെബിറ്റ് കാർഡുകൾ കൂടി ലോഞ്ച് ചെയ്തുകൊണ്ടായിരുന്നു അവരുടെ കാമ്പെയ്ൻ തുടങ്ങുന്നത്. 2005 ജൂണിൽ അവരുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. തുടർന്നുള്ള എല്ലാ വർഷവും നിരവധി പുതിയ ബ്രാഞ്ചുകൾ തുറന്നും എടിഎം മെഷീനുകൾ സ്ഥാപിച്ചും അവർ രാജ്യത്ത് സാന്നിധ്യമുറപ്പിച്ചു. 2011 ആയപ്പോഴേക്കും യെസ് ബാങ്കിന് ഇന്ത്യയിൽ 164 നഗരങ്ങളിലാണ് 214 ബ്രാഞ്ചുകളായി, ഏകദേശം 250 എടിഎം മെഷീനുകളും.
undefined
2010-11 കാലയളവിലാണ് യെസ് ബാങ്കിന്റെ വളർച്ചയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. രാജ്യത്ത് ആകെ ബ്രാഞ്ചുകളുടെ എണ്ണം 750 -ൽ എത്തിക്കുകയും, എടിഎം മെഷീനുകളുടെ എണ്ണം 3000 കടക്കുകയും ചെയ്യുക എന്നതായിരുന്നു സ്വപ്നം. ഇന്ന് യെസ് ബാങ്കിന് രാജ്യത്ത് 1100 ബ്രാഞ്ചുകളുണ്ട്. 1800 എടിഎമ്മുകളും. 21,000 -ലധികം ജീവനക്കാരുള്ള ഒരു ബൃഹദ് സ്ഥാപനമായി അത് വളർന്നുകഴിഞ്ഞു. ഇന്ന് വളരെ പരിതാപാവസ്ഥയിലാണ് ഈ ബാങ്ക്. റിസർവ് ബാങ്കിന്റെ മൊറട്ടോറിയം ഒരു ഇരുട്ടടിയായി വന്നു പതിച്ചുകഴിഞ്ഞു ബാങ്കിനുമേൽ. നിക്ഷേപകരുടെ പണം തങ്ങളുടെ കയ്യിൽ സുരക്ഷിതമാണെന്നും, അത് നഷ്ടമാവില്ലെന്നുമൊക്കെയുള്ള ആശ്വാസവാക്കുകൾ ബാങ്കിന്റെ ഭാഗത്തു നിന്ന് വരുന്നുണ്ടെങ്കിലും, അതൊന്നും പണം അത്യാവശ്യമായി പിൻവലിക്കാനുള്ളവരുടെ സങ്കടത്തിനുള്ള പരിഹാരമാകുന്നില്ല. കഴിഞ്ഞ പതിനഞ്ചു വർഷമായി ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ബാങ്ക് ഇങ്ങനെ മൂക്കും കുത്തി താഴെ വീഴാൻ കാരണം എന്താണ്?
യെസ് ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 2004 റാണാ കപൂർ തന്റെ ബന്ധു അശോക് കപൂറുമായി ചേർന്നാണ് ഈ സ്വകാര്യബാങ്ക് തുടങ്ങുന്നത്. എന്നാൽ, തുടങ്ങി നാലുവര്ഷത്തിനുള്ളിൽ 2008 -ൽ മുംബൈയിൽ നടന്ന 26/11 അശോക് കപൂർ കൊല്ലപ്പെടുന്നു. ഭാര്യ മധു കപൂറും റാണാ കപൂറും തമ്മിൽ ബാങ്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടാകുന്നു. മകൾ ശഗുൻ ഗോഗിയയെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ, മറ്റുള്ള ബോർഡ് അംഗങ്ങൾ ഈ ആവശ്യം അംഗീകരിച്ചില്ല. ഒടുവിൽ തർക്കം കോടതികേറി. വർഷങ്ങളോളം കേസ് നടന്നു. ഒടുവിൽ 2018 -ൽ ആ കേസ് തീരുമ്പോൾ വിധി റാണാ കപൂറിന് അനുകൂലമായിരുന്നു. റാണാ കപൂർ എംഡി, സിഇഒ സ്ഥാനങ്ങൾ നിലനിർത്തുന്നു.
ആരാണ് റാണാ കപൂർ ?
കുറച്ചുനാൾ മുമ്പുവരെ ബാങ്കിങ് സെക്ടറിൽ ഉയർന്നു കേട്ടിരുന്ന ഒരു വർത്തമാനം ഇങ്ങനെയായിരുന്നു, " ആരും നിങ്ങൾക്ക് ലോൺ തന്നില്ലേലും, റാണാ കപൂർ തരും..." കണ്ണും പൂട്ടി ലോൺ കൊടുക്കാനും, ഏതുവിധേനയും അത് തിരിച്ചു പിടിക്കാനുമുള്ള സവിശേഷ സിദ്ധി റാണാ കപൂറിനുണ്ടായിരുന്നു എന്നത് ശത്രുക്കൾ പോലും സമ്മതിച്ചു കൊടുത്തിരുന്നു. വളരെ 'അഗ്രസീവ്' ആയ ഒരു ബിസിനസ് രീതിയായിരുന്നു റാണാ കപൂറിന്റേത്. 'തിരിച്ചു പിടിക്കേണ്ടതെങ്ങനെ എന്ന് റാണാ കപൂറിനെ കണ്ടു പഠിക്കണം' എന്നൊരു പഴഞ്ചൊല്ലുപോലും അന്ന് ബാങ്കർമാർക്കിടയിലുണ്ടായിരുന്നു. എന്തിനധികം പറയുന്നു, സർക്കാർ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ വിജയ് മല്യയുടെ കിങ്ഫിഷറിൽ നിന്നുവരെ ഒരുപരിധിവരെ തന്റെ കടങ്ങൾ റാണാ കപൂർ സമ്മർദ്ദം ചെലുത്തി ഈടാക്കിയിരുന്നു.
2008 -ലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പല ബാങ്കിങ് ഭീമന്മാർക്കും അടിപതറിയപ്പോഴും റാണാ കപൂറിന്റെ നേതൃത്വഗുണത്തിന്റെ ബലത്തിൽ യെസ് ബാങ്ക് പിടിച്ചു നിന്നു. 2014 -ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ റാണാ കപൂറിന്റെ മനസ്സിൽ ഒരു ലഡുപൊട്ടി. കാരണം 'മോദിണോമിക്സി'ന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായിരുന്നു റാണാ കപൂർ, ഒരു പരിധിവരെ അതിനു പ്രചാരണമേകുന്നയാളും. മോദി അധികാരത്തിലേറുന്നത് തനിക്ക് ലോട്ടറിയാകുമെന്ന് റാണാ കപൂറിനറിയാമായിരുന്നു. ആ ഭരണമാറ്റം ആദ്യത്തെ വർഷങ്ങളിൽ വലിയ കുതിപ്പ് നടത്താൻ യെസ് ബാങ്കിനെ സഹായിക്കുകയും ചെയ്തു.
. , President, ASSOCHAM: "Modinomics is now becoming Modi-momentum." pic.twitter.com/PWL2FiHPox
— YES BANK (@YESBANK)
തകർച്ചയുടെ തുടക്കം ഇങ്ങനെ
എന്നുമുതലാണ് ബാങ്ക് തകർന്നു തുടങ്ങുന്നത് എന്ന് കൃത്യമായി പറയുക സംഭവ്യമല്ല എങ്കിലും, 2017 -ൽ അതിന്റെ ആദ്യ പ്രതിഫലനമുണ്ടായത് റിസർവ് ബാങ്ക് റാണാ കപൂറിന് ഒരു എക്സ്റ്റൻഷൻ കൂടി അനുവദിച്ചു നൽകാൻ വിസമ്മതിച്ച സംഭവമാണ്. 2019 ജനുവരിയിൽ റാണാ കപൂർ ബാങ്കിന്റെ എംഡി & സിഇഒ പദവിയിൽ നിന്ന് മാറുന്നതാണ് ബാങ്കിന്റെ പതനത്തിന്റെ തുടക്കം എന്ന് വേണമെങ്കിൽ പറയാം. 2018 -19 സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ 1500 കോടിയുടെ നഷ്ടം രേഖപ്പെടുത്തപ്പെട്ടു. ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷം അന്നോളം ഉണ്ടായ ഏറ്റവും വലിയ നഷ്ടക്കണക്കായിരുന്നു അത്. ഈ നഷ്ടം വന്നുതുടങ്ങിയിട്ട് നാളുകുറച്ചായിരുന്നു എന്നും കണക്കുകളിൽ കാണിക്കാതെ ബാങ്ക് നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. റാണാ കപൂറും, ബന്ധുക്കളും തങ്ങളുടെ കയ്യിലുള്ള ബാങ്കിന്റെ ഓഹരികൾ പരമാവധി വിറ്റഴിച്ചുകൊണ്ടിരുന്നു. 2019 മാർച്ചിൽ അത് കുറഞ്ഞു കുറഞ്ഞ് വെറും 4.75 ശതമാനമായി മാറി.
സാമ്പത്തികസ്ഥിതി പരുങ്ങലിലായതോടെ, അന്നോളം കൂട്ടുണ്ടായിരുന്ന വിദേശ സാമ്പത്തിക സ്ഥാപനങ്ങൾ ഒന്നൊന്നായി യെസ് ബാങ്കിനെ കയ്യൊഴിഞ്ഞു. റേറ്റിങ് സ്ഥാപനങ്ങളിൽ യെസ് ബാങ്കിന്റെ റേറ്റ് ഒറ്റയടിക്ക് ഇടിഞ്ഞു. നെഗറ്റീവ് ലിസ്റ്റിലേക്ക് ബാങ്ക് കയറിക്കൂടി. അതോടെ വിദേശത്തുനിന്ന് നിക്ഷേപം സംഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള വഴിയും അടഞ്ഞു. ഡോയ്ചെ ബാങ്ക് ഇന്ത്യയുടെ തലവൻ രൺവീർ ഗില്ലിനെ സിഇഒ ആക്കിക്കൊണ്ട് യെസ് ബാങ്ക് കളിച്ച അവസാനത്തെ കളി കളിച്ചു. ബാങ്കിന്റെ ഓഹരികളും ബോണ്ടുകളുമൊക്കെ വിറ്റഴിച്ചുകൊണ്ട് ഒരു രക്ഷാപ്രവർത്തനം നടത്താൻ രൺവീർ ഗിൽ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. അതോടെ ഇത്രയും കാലം ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു കൊണ്ടിരുന്ന യെസ് ബാങ്കിന്റെ വണ്ടി 'പാളം തെറ്റി' എന്ന് സാമ്പത്തിക വിദഗ്ധർ മുറുമുറുപ്പ് തുടങ്ങി. അവസാനമായി വന്ന ബാങ്കിന്റെ ഇക്കൊല്ലത്തെ മൂന്നാം പാദ പ്രവർത്തന റിപ്പോർട്ടും അതുതന്നെ സൂചിപ്പിക്കുന്നതായിരുന്നു.
കഴിഞ്ഞ മെയിൽ റിസർവ് ബാങ്ക് തങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ആർ ഗാന്ധിയെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഒരു അധികാംഗമായി ഉൾപ്പെടുത്തിയിരുന്നു. അധികനിരീക്ഷണത്തിന്റെ ആവശ്യം ഏതെങ്കിലും ബാങ്കിനുണ്ട് തോന്നിത്തുടങ്ങുമ്പോഴാണ് സാധാരണ ഇത്തരത്തിലുള്ള നടപടികളിലേക്ക് റിസർവ് ബാങ്ക് കടക്കാറ്.
2019 -ൽ 409 രൂപ വിലയുണ്ടായിരുന്ന യെസ് ബാങ്കിന്റെ ഒരു ഓഹരി വെള്ളിയാഴ്ച വിറ്റുപോയത് 5.65 രൂപയ്ക്കായിരുന്നു. അതായത് ഏഴുമാസം കൊണ്ട് യെസ് ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ ഇടിവ് 85% ആയിരുന്നു എന്നർത്ഥം. ഒറ്റയടിക്ക് മാർക്കറ്റിൽ ബാങ്കിന് നഷ്ടമായതോ 7943 കോടി രൂപയും.
യെസ് ബാങ്കിന്റെ തകർച്ചയ്ക്കുള്ള അഞ്ച് കാരണങ്ങൾ
1. വഷളായിക്കൊണ്ടിരുന്ന സാമ്പത്തിക സ്ഥിതി മെച്ചെപ്പെടുത്താതിരുന്നത്
കഴിഞ്ഞ കുറേ വർഷങ്ങളായി ബാലൻസ് ഷീറ്റിലേക്ക് നഷ്ടങ്ങളുടെ കണക്കുകൾ കയറിത്തുടങ്ങിയിട്ട്. ആ ട്രെൻഡിനെ വേണ്ടപോലെ പരിഗണിച്ച് അതിനുവേണ്ട നിക്ഷേപങ്ങൾ സംഘടിപ്പിച്ച് നഷ്ടങ്ങൾ നികത്തി, പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തി ലാഭത്തിലേക്ക് നീങ്ങാൻ ഉതകുന്ന ശ്രമങ്ങൾ യെസ് ബാങ്ക് മാനേജുമെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കൊടുത്ത കടങ്ങൾ പലതും തിരികെ കിട്ടാത്ത അവസ്ഥയുണ്ടായി. അതോടെ റേറ്റിംഗ് ഇടിഞ്ഞു. നിക്ഷേപകരിൽ പലരും ബന്ധം വേർപെടുത്തി.
2 . ഭരണനിർവഹണ(Governance)ത്തിൽ വന്ന പാളിച്ചകൾ
ഒരു ബാങ്ക് പ്രവർത്തിക്കുന്നതിന് കൃത്യമായ ചട്ടങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. അതിൽ പലതും പാലിക്കാതെയാണ് ബാങ്ക് പ്രവർത്തിച്ചത്. വേണ്ടത്ര സുതാര്യത പല കാര്യത്തിലും ഉണ്ടായില്ല എന്നതാണ് സത്യം. ഉദാഹരണത്തിന് 2018 -19 കാലത്ത് ബാങ്കിനുണ്ടായിരുന്ന നിഷ്ക്രിയ ആസ്തി ( Non Performing Asset-NPA) 3277 കോടി ആയിരുന്നത് കൃത്യമായി റിപ്പോർട്ട് ചെയ്യാതിരുന്നതിനെതിരെയുള്ള നടപടി ആയിട്ടാണ് റിസർവ് ബാങ്ക് തങ്ങളുടെ പ്രതിനിധിയെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അധികാംഗമായി നിയമിച്ചത്.
3 . തെറ്റായ വാഗ്ദാനങ്ങൾ
ബാങ്കിനെ കരകയറ്റാനുള്ള പരിശ്രമംഗങ്ങൾ ഊര്ജിതപ്പെടുത്താൻ വേണ്ടി റിസർവ് ബാങ്കും യെസ് ബാങ്ക് പ്രതിനിധികളും ഒന്നിച്ചുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. തങ്ങൾക്ക് വിദേശത്തു നിന്ന് നിക്ഷേപങ്ങൾ ഏതാണ്ട് കിട്ടാറായി എന്നും ഉടനടി കാര്യങ്ങളിൽ നീക്കുപോക്കുണ്ടാകും എന്നുമാണ് ബാങ്ക് എന്നും റിസർവ് ബാങ്കിനോട് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, കാര്യമായ ഒരു ധാരണയും ഒരു വിദേശ നിക്ഷേപകനുമായും ഇല്ലാതിരുന്നിട്ടും വ്യാജമായ വാഗ്ദാനങ്ങളാണ് ബാങ്ക് പ്രതിനിധികൾ റിസർവ് ബാങ്ക് അധികൃതർക്ക് തുടർച്ചയായി നല്കിക്കൊണ്ടിരുന്നത്.
4 . നിക്ഷേപകരുടെ താത്‌പര്യക്കുറവ്
സ്വകാര്യ മേഖലയിൽ നിന്നുള്ള ചില നിക്ഷേപകരിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു എന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യെസ് ബാങ്ക് പ്രതിനിധികൾ പറഞ്ഞിരുന്നത്. ഈ നിക്ഷേപകർ റിസർവ് ബാങ്ക് പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും, ഒരു നിക്ഷേപവും നടന്നില്ല. അവർക്ക് വേണ്ടത്ര താത്പര്യം യെസ് ബാങ്കിനെ നിക്ഷേപത്തിലൂടെ കരകയറ്റുന്നതിൽ ഇല്ലായിരുന്നു എന്നുവേണം കരുതാൻ.
5 . അക്കൗണ്ടുടമകൾ കൂട്ടത്തോടെ പണം പിൻവലിച്ചത്
28.6 ലക്ഷം അക്കൗണ്ട് ഉടമകൾ യെസ് ബാങ്കിനുണ്ട്. ആകെ 2.09 ലക്ഷം കോടി രൂപയുടെ നിക്ഷേപവും. നിക്ഷേപകരും അവർ തങ്ങളുടെ അക്കൗണ്ടുകളിൽ നടത്തുന്ന ധനനിക്ഷേപങ്ങളുമാണ് ഏതൊരു ബാങ്കിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാനം. യെസ് ബാങ്ക് പ്രതിസന്ധിയിലാണ് എന്ന അപഖ്യാതി പരന്ന അന്ന് തൊട്ടുതന്നെ പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങിയിരുന്നു. ആ ഒഴുക്ക് നിയന്ത്രണാതീതമായപ്പോഴാണ് റിസർവ് ബാങ്ക് ഇടപെടുന്നതും 50,000 രൂപയ്ക്കുമേൽ പിൻവലിക്കുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്തിയതും. ചികിത്സാവശ്യങ്ങൾക്കും മറ്റുമായി പിൻവലിക്കാവുന്ന തുക പരമാവധി 5 ലക്ഷ്യമെന്ന് നിജപ്പെടുത്തിയതും. അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും, ഇതിനു മുമ്പ് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ ബാങ്കുകളുടെ അനുഭവം വെച്ച്, ബാങ്കിന്റെ ഷെയറുകളിന്മേൽ ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് നഷ്ടമുണ്ടായ നിക്ഷേപകർക്ക് അത് തിരിച്ചുകിട്ടാനുള്ള സാധ്യത തുലോം തുച്ഛമാണ്.