ആമസോൺ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ഒരു ദിവസം മുൻപാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് തുടങ്ങുന്നത്
ദില്ലി: ഫെസ്റ്റിവൽ വിൽപ്പനയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. പതിവുപോലെ ഇക്കുറിയും ഇ-കൊമേഴ്സ് (E-commerce) വിപണിയിൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. കൊമ്പുകോർക്കാൻ ആമസോണും (Amazon) ഫ്ലിപ്കാർട്ടും (Flipkart) രംഗത്തിറങ്ങുമ്പോൾ നേട്ടമുണ്ടാവുക ഉപഭോക്താക്കൾക്കാണല്ലോ. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. ആമസോൺ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ (The Great Indian Festival) തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലിപ്കാർട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് (Big Billion Days) തീയതി നേരത്തെയാക്കി.
ആമസോണിന് ചില്ലറ തലവേദനയല്ല ഫ്ലിപ്കാർട്ട് സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ഒരു ദിവസം മുൻപാണ്
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് തുടങ്ങുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് എട്ടാമത് എഡിഷൻ തീയതികൾ ഒക്ടോബർ ഏഴ് മുതൽ 12 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാലിത് ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെയാക്കി പുനക്രമീകരിച്ചു. ഒക്ടോബർ നാല് മുതലാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങുന്നത്. അതിനാൽ തന്നെ ഒരു ദിവസം മുൻപ് തന്നെ ഓഫറുകൾ നൽകി പരമാവധി ഉപഭോക്താക്കളെ ആകർഷിക്കാൻ ഫ്ലിപ്കാർട്ടിന് സാധിക്കും.
undefined
ഫ്ലിപ്കാർട്ടിന് പുറമെ വാൾമാർട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയും ഇതേ തീയതിയിലാണ് ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമാക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെ മിന്ത്രയിൽ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ബിഗ് ബില്യൺ ഡേയ്സ് എട്ടാം എഡിഷൻ തീയതികൾ അധികം വൈകാതെ തന്നെ ആപ്പുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പിടിഐയിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ബിഗ് ബില്യൺ ഡേയ്സ് ഫ്ലിപ്കാർട്ട് സെല്ലർമാർക്കും ദി ഗ്രേറ്റ് ഇന്ത്യൻ ഇന്ത്യൻ ഫെസ്റ്റിവൽ ആമസോൺ സെല്ലർമാർക്കും നിർണായകമാണ്. മഹാമാരിക്കാലത്ത് ബിസിനസ് നഷ്ടപ്പെട്ടവർക്ക് കച്ചവടം മെച്ചപ്പെടുത്താനും വിപണി പിടിക്കാനുമുള്ള അവസരമാണിത്.