നിലനിൽപ്പിനായി ഭൂരിഭാഗം സ്ഥാപനങ്ങളും തങ്ങളുടെ ചെലവുകൾ വെട്ടിക്കുറച്ചു.
ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തെ 70 ശതമാനം സ്റ്റാർട്ടപ്പുകളും വൻ തിരിച്ചടി നേരിട്ടെന്ന് സർവേ ഫലം. 250 സ്റ്റാർട്ടപ്പുകളിൽ നടത്തിയ സർവേയിലാണ് ഈ ഫലം. ഫിക്കിയും ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ്‌വർക്കുമാണ് സർവേ നടത്തിയത്.
അടുത്ത മൂന്ന് മുതൽ ആറ് മാസത്തേക്ക് നിലനിൽക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത സർവേയിൽ പങ്കെടുത്ത 22 ശതമാനം സ്ഥാപനങ്ങൾക്ക് മാത്രമാണുള്ളത്. 12 ശതമാനം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിലനിൽപ്പിനായി ഭൂരിഭാഗം സ്ഥാപനങ്ങളും തങ്ങളുടെ ചെലവുകൾ വെട്ടിക്കുറച്ചു. ഇനിയും ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് 30 ശതമാനം കമ്പനികൾ അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്ത 43 ശതമാനം കമ്പനികളും 20 ശതമാനം മുതൽ 40 ശതമാനം വരെ ശമ്പളം കുറച്ചു. നിക്ഷേപം നടത്തുന്ന കാര്യത്തിൽ നിക്ഷേപകർ തീരുമാനം വൈകിപ്പിക്കുകയാണെന്ന് 33 ശതമാനം പേർ അഭിപ്രായപ്പെട്ടു. പത്ത് ശതമാനം സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചിരുന്ന നിക്ഷേപ വാഗ്ദാനം പിൻവലിക്കപ്പെട്ടു. എട്ട് ശതമാനം സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് കൊവിഡിന് മുൻപ് ഒപ്പിട്ട കരാർ പ്രകാരം നിക്ഷേപം ലഭിച്ചത്.