തിരിച്ചുവരവിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആഗോള ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനമായ ഇന്‍റലിന്‍റെ സഹായത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ച കൊക്കോണിക്സ് എന്ന സ്ഥാപനത്തെ രംഗത്തിറക്കിയാണ് ലാപ്ടോപ്പുകള്‍ 16,000 രൂപ വരെ വില കുറച്ച് വാങ്ങുന്നത്.
തിരുവനന്തപുരം: കേരളത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാണമേഖല തിരിച്ചുപിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികള്‍ വിജയത്തിലേക്ക്. സ്വന്തം സ്ഥാപനങ്ങള്‍ക്കാകെ വേണ്ട ലാപ്ടോപ്പുകളടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകൃത സംഭരണ നയത്തിലൂടെ 25 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിച്ചു.
തിരിച്ചുവരവിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആഗോള ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനമായ ഇന്‍റലിന്‍റെ സഹായത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ച കൊക്കോണിക്സ് എന്ന സ്ഥാപനത്തെ രംഗത്തിറക്കിയാണ് ലാപ്ടോപ്പുകള്‍ 16,000 രൂപ വരെ വില കുറച്ച് വാങ്ങുന്നത്.
undefined
അന്താരാഷ്ട്ര കമ്പനികളുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ ചൈനീസ് കമ്പനിയായ ലെനോവയും കൊക്കോണിക്സുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കിയത്. സര്‍ക്കാര്‍ മേഖലയില്‍ അടുത്ത ആറുമാസം വാങ്ങുന്ന ലാപ്ടോപ്പുകളില്‍ പകുതി എണ്ണത്തിന്‍റെ ഓര്‍ഡറാണ് കൊക്കോണിക്സിന് ഇതിലൂടെ ലഭിക്കുക. ആറു മാസം മുമ്പുമാത്രം പ്രവര്‍ത്തനമാരംഭിച്ച കൊക്കോണിക്സിന് ഇത് മികച്ച തുടക്കമാണ്. ഒപ്പം സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടവും ഇതിലൂടെ ലഭിക്കും. സര്‍ക്കാര്‍ മേഖലയിലെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ ഡിമാന്‍ഡ് ഒന്നിച്ചെടുത്താണ് കേന്ദ്രീകൃതമായി ടെന്‍ഡര്‍ ക്ഷണിച്ചത്.
ദേശീയാടിസ്ഥാനത്തില്‍ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്നും ഇവയ്ക്കുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഭാവിയില്‍ കൊക്കോണിക്സിനു കഴിയുമെന്നും സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഇലക്ട്രോണിക് സംവിധാനങ്ങളുടെ രൂപകല്പന, നിര്‍മാണം എന്നിവയ്ക്കായി സംസ്ഥാനത്ത് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കൊക്കോണിക്സ് പോലെയുള്ള സ്ഥാപനങ്ങള്‍ ഭാവിയില്‍ സംസ്ഥാനത്ത് ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേരളത്തിന് ഈ മേഖലയിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ച കെല്‍ട്രോണും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും ആഗോള ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലും ആക്സിലറോണുമാണ് കൊക്കോണിക്സിലെ മറ്റു പങ്കാളികള്‍. കമ്പ്യൂട്ടര്‍ ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ ഇത്തരത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തം കേരളത്തില്‍ ആദ്യമായാണ്. തിരുവനന്തപുരത്ത് മണ്‍വിളയില്‍ കെല്‍ട്രോണിന്‍റെ പിസിബി നിര്‍മാണ സ്ഥാപനമാണ് കൊക്കോണിക്സിനായി വിട്ടുകൊടുത്തിരിക്കുന്നത്.
വിപണിയില്‍ പതിവായുണ്ടാകുന്ന വില വര്‍ധനയെയും അതിജീവിച്ച്, സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള കൊക്കോണിക്സ്, ലെനോവ ലാപ്ടോപ്പുകള്‍ 22,896 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിനായി മറ്റു കമ്പനികള്‍ക്ക് 38,902 രൂപയാണ് നല്‍കേണ്ടിവന്നത്. കുത്തക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പിന് ഇത്തവണ നല്‍കുന്നത് 33,762 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ തവണ ലഭിച്ചത് 49,149 രൂപയ്ക്കായിരുന്നു.
കേന്ദ്രീകൃത സംഭരണ നയത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഇതേ രീതിയില്‍ വില കുറച്ച് മൊത്തത്തില്‍ സംഭരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. എ-ത്രീ ഷീറ്റ് ബെഡ് സ്കാനറിന് കഴിഞ്ഞ വര്‍ഷം 1,10,721 രൂപ നല്‍കേണ്ടിവന്ന സ്ഥാനത്ത് ഇത്തവണ അതേ നിലവാരത്തിലുള്ള സ്കാനറിന് നല്‍കുന്നത് 86,632 രൂപ മാത്രം. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ സ്ഥാപനങ്ങള്‍ പ്രത്യേകം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത് ഒഴിവാക്കിയാണ് കേന്ദ്രീകൃതമായി ഇവ ഒന്നിച്ചുവാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വാഭാവികമായുള്ള വില വര്‍ധനയെയും മറികടന്ന് ഉല്പന്നങ്ങള്‍ ഒന്നിച്ചുവാങ്ങിയത് വമ്പിച്ച സാമ്പത്തിക നേട്ടത്തിനു കാരണമായി. ഇതിനുപുറമെയാണ് കൊക്കോണിക്സിനെ രംഗത്തിറക്കി മെച്ചമുണ്ടാക്കിയത്.
കേന്ദ്രസര്‍ക്കാരിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ നയത്തിന് അനുസൃതമായി രാജ്യത്തിനാകെ മാതൃകയായാണ് കൊക്കോണിക്സിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതിന്‍റെ വളര്‍ച്ചയ്ക്ക് ആനുപാതികമായി ഇലക്ട്രോണിക്സ് ഭാഗങ്ങളുടെ ആഭ്യന്തര നിര്‍മാണ മേഖല വികസിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അതിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ കേന്ദ്രീകൃത സംഭരണ നയം നടപ്പാക്കിയാല്‍ പല തരത്തിലുള്ള മെച്ചങ്ങളാണുണ്ടാകുകയെന്ന് ശിവശങ്കര്‍ പറഞ്ഞു. ആഗോള കമ്പനികളുമായി മത്സരിക്കുന്ന തരത്തില്‍ നാട്ടിലെ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള സര്‍ക്കാരിന്‍റ ഇടപെടലുകള്‍ക്കും പിന്തുണയ്ക്കുമുള്ള തെളിവാണ് കൊക്കോണിക്സ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.