വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള പ്രധാന 500 കമ്പനികളില്‍ 213 എണ്ണത്തില്‍ ഇപ്പോഴും ഇരു പദവികളും വഹിക്കുന്നത് ഓരേ ആള്‍ തന്നെയാണ്.
മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ കോര്‍പ്പറേറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചെയര്‍മാന്‍, എംഡി പദവികള്‍ വേര്‍പെടുത്താന്‍ സാവകാശം ഇനി രണ്ടര മാസം കൂടി മാത്രം. 2018 മേയിലാണ് ഇത് സംബന്ധിച്ച് സെബി വിജ്ഞാപനം പുറത്തിറക്കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നാണ് അന്ന് സെബി അറിയിച്ചിരുന്നത്. ഇന്ത്യയിലെ വലിയ സ്വകാര്യ കമ്പനികളില്‍ മിക്കതിന്‍റെയും ഭരണ സംവിധാനം ഈ നിയമം നടപ്പാക്കുന്നതോടെ മാറ്റേണ്ടി വരും.
വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള പ്രധാന 500 കമ്പനികളില്‍ 213 എണ്ണത്തില്‍ ഇപ്പോഴും ഇരു പദവികളും വഹിക്കുന്നത് ഓരേ ആള്‍ തന്നെയാണ്. സെബിയുടെ നിര്‍ദ്ദേശപ്രകാരം കമ്പനിയുടെ ചെയര്‍മാന്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരിക്കണം. ചെയര്‍മാന് മാനേജിംഗ് ഡയറക്ടറുമായോ സിഇഒയുമായോ ബന്ധമുണ്ടാകരുതെന്നും സെബി നിര്‍ദ്ദേശിക്കുന്നു.
കോര്‍പ്പറേറ്റ് ഭരണസംവിധാനം സംബന്ധിച്ച് ഉദയ് കെട്ടക് സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പുതിയ നിയമം നടപ്പാക്കുന്നത്. പുതിയ തീരുമാനപ്രകാരം വലിയ കോര്‍പ്പറേറ്റ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയിലെ കോര്‍പ്പറേറ്റ് തലത്തില്‍ ഇതോടെ വലിയ അഴിച്ചുപണി വേണ്ടി വരും. പൊതുമേഖല കമ്പനികളായ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയിലും സമാന തരത്തില്‍ കോര്‍പ്പറേറ്റ് തലത്തില്‍ മാറ്റങ്ങള്‍ ആവശ്യമായി വരും.