ബിപിസിഎല്ലിനെ വിൽക്കുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയത്തെ വാങ്ങുന്നു: ഓഹരി തിരികെ വാങ്ങുമ്പോൾ നേട്ടം ആർക്ക് ?

By Anoop Pillai  |  First Published Nov 10, 2020, 4:56 PM IST

2018 ൽ കേന്ദ്ര സർക്കാരിന് കമ്പനിയിലുണ്ടായിരുന്നു 51.11 ശതമാനം ഓഹരി പൊതുമേഖല കമ്പനിയായ ഒഎൻജിസി (ഓയിൽ ആൻഡ് നാച്വറൽ ​ഗ്യാസ് കോർപ്പറേഷൻ) വാങ്ങുകയായിരുന്നു. 


പൊതുമേഖല പെട്രോളിയം കമ്പനികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് രണ്ട് നയമാണ്. ഭാരത് പെട്രോളിയത്തിന് ഒരു നയമെങ്കിൽ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് മറ്റൊന്ന് !

ഭാരത് പെട്രോളിയത്തെ സ്വകാര്യവത്കരിക്കാനുളള നടപടിക‌ളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ, മറുവശത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) കമ്പനിയിലെ സ്വകാര്യ പങ്കാളിത്തം കുറയ്ക്കാനുളള നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിപണിയിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങി സർക്കാർ നിയന്ത്രണത്തിലുളള ഓഹരി വിഹിതം വർധിപ്പിക്കാനാണ് തീരുമാനം. 

Latest Videos

undefined

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ട‌ാം പാദ ഫലങ്ങൾ വിലയിരുത്താൻ ചേർന്ന എച്ച്പിസിഎൽ യോ​ഗം ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക് അം​ഗീകാരം നൽകി. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) സ്വകാര്യവത്കരണം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാനായുളള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് നടന്നുവരുന്നത്. പൊതുമേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണമെന്നത് പ്രഖ്യാപിത നയമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ, പക്ഷേ എച്ച്പിസിഎല്ലിന്റെ കാര്യത്തിൽ ഈ നയത്തിന് മാറ്റം വരുത്തി.  

ഓഹരി ഒന്നിന് 250 രൂപ 

ഓഹരി തിരിച്ചു വാങ്ങൽ പദ്ധതിക്ക് പിന്നിലെ ബിസിനസ് തന്ത്രം എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ (ഷെയര്‍ ബൈബാക്ക്) പദ്ധതിക്കാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഡയറക്ടര്‍ ബോര്‍ഡ് അം​ഗീകാരം നൽകിയിരിക്കുന്നത്. ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

6.56 ശതമാനം ഇക്വിറ്റി ഷെയറിനെ പ്രതിനിധീകരിക്കുന്ന 10 കോടി ഓഹരികൾ ഒരു ഓഹരിക്ക് 250 രൂപ എന്ന നിരക്കിൽ തിരിച്ചുവാങ്ങാനുള്ള പദ്ധതി നിർദ്ദേശത്തിനാണ് ബോർഡ് അംഗീകാരം ലഭിച്ചത്. നവംബർ നാലിലെ എച്ച്പിസിഎൽ സ്റ്റോക്കുകളുടെ ക്ലോസിംഗ് വിലയ്ക്ക് 34 ശതമാനം പ്രീമിയത്തോടെയാണ് തിരിച്ചുവാങ്ങൽ.

എച്ച്പിസിഎല്ലിന്റെ 77.88 കോടി ഓഹരികള്‍ പൊതുമേഖലയിലെ ഒഎന്‍ജിസിയുടെ കൈവശമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളു‌ടെ ചില്ലറ വിൽപ്പന രം​ഗത്ത് മുന്നിലുളള കമ്പനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകൾ മ്യൂച്വൽ ഫണ്ടുകളാണ്. 43 മ്യൂച്വൽ ഫണ്ടുകളുടെ കൈവശം ആകെ 24.93 കോടി ഓഹരികളുണ്ട്. ഓഹരി വിഹിതത്തിൽ ഇത് 16.36 ശതമാനം വരും. 2018 ൽ കേന്ദ്ര സർക്കാരിന് കമ്പനിയിലുണ്ടായിരുന്നു 51.11 ശതമാനം ഓഹരി പൊതുമേഖല കമ്പനിയായ ഒഎൻജിസി (ഓയിൽ ആൻഡ് നാച്വറൽ ​ഗ്യാസ് കോർപ്പറേഷൻ) വാങ്ങുകയായിരുന്നു. 

ഓഹ​രി ഒന്നിന് 473.97 രൂപ നിരക്കിൽ, 36,912.78 കോ‌ടി രൂപയുടെ ഇടപാടാണ് ഒഎൻജിസിയും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയത്. എച്ച്പിസിഎല്ലിന്റെ സ്ഥാപന ഇതര നിക്ഷേപകരായി 3,23,642 പേരുണ്ട് ഇവരുടെ പക്കൽ 11.11 ശതമാനം ഓഹരിയുണ്ട്. 8.15 കോ‌ടി ഓഹരികൾ ഇൻഷുറൻസ് കമ്പനികളും 23.60 കോടി ഓഹരികൾ വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും (എഫ്ഐഐ) വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും (എഫ്പിഐ) കൈവശം വച്ചിരിക്കുന്നു.  

നേട്ടം ആർക്ക്?

കമ്പനികള്‍ നിശ്ചിത ശതമാനം ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ നേട്ടം നിക്ഷേപകര്‍ക്കാണ്. ഓഹരികള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നതാണ് നേട്ടം. ഓഹരികൾ തിരികെ നൽകാതെ സൂക്ഷിക്കുന്നവർക്കും പദ്ധതി നേട്ടമാണ്. പൊതുവിപണിയിൽ ലഭ്യത കുറയുമെന്നതിനാൽ അവശേഷിക്കുന്ന ഓഹരികളുടെ മൂല്യം ഉയരും. പ്രതിയോഹരി (ഇപിഎസ്) വർധിക്കുമെന്നത് ഓഹരി ഉടമകൾക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടമാണ്.  

"എച്ച്പിസിഎൽ അതിന്റെ ഓഹരിയുടമകൾക്ക് പ്രതിഫലം നൽകുന്നതിൽ ഉദാരത പുലർത്തുന്നു, ഞങ്ങളുടെ ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകുന്നതിനുള്ള ഒരു മാർഗമാണ് ഈ തിരിച്ചുവാങ്ങൽ, ”കമ്പനിയുടെ രണ്ടാം പാദ വരുമാനം പ്രഖ്യാപിക്കുന്നതിനിടെ എച്ച്പിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം കെ സൂറാന പറഞ്ഞു.

എച്ച്പിസിഎൽ എന്ന 'ബെസ്റ്റ് പെർഫോർമർ'

2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന റിപ്പോർട്ട് ചെയ്തുവെന്നതും പദ്ധതിയെ കൂടുതൽ തിളക്കമുളളതാക്കുന്നു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1,052.3 കോടിയായിരുന്ന അറ്റാദായം 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,477.4 കോടിയായി. അതേ സമയം കമ്പനിയുടെ വരുമാനം 14.9 ശതമാനം ഇടിഞ്ഞ് 51,773.3 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 59,127.31 കോടിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 65,237.24 കോടി രൂപയായിരുന്നു.

ഓഹരി വിപണിയിൽ കൊവിഡ് പ്രതിസന്ധികൾക്കിടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപനങ്ങളും കൂ‌ടിയിട്ടുണ്ട്. ടിസിഎസ്സും വിപ്രോയും എൻടിപിസിയും അടക്കമുളള കമ്പനികൾ ഓഹരി തിരിച്ചു വാങ്ങൽ തീരുമാനിച്ച കമ്പനികളാണ്. നാൽപ്പതിലേറെ കമ്പനികൾ ഇത്തരം നടപടികളുമായി മുന്നോട്ട് വന്നിട്ടുളളതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഡേറ്റ പറയുന്നു. 32,000 കോ‌ടി രൂപയിലേറെ വരുമത്രേ ഈ കമ്പനികൾ തിരിച്ചു വാങ്ങൽ പ്രഖ്യാപനം നടത്തിയ ഓഹരികളുട‌െ ആകെ മൂല്യം. 

click me!