ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര സംരംഭങ്ങളെ റിലയൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡിലേക്ക് (ആർആർഎഫ്എൽഎൽ) മാറ്റും.
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് റീട്ടെയിൽ ഓഹരി ഇടപാടിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. "ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് ബിസിനസുകൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡും റിലയൻസ് റീട്ടെയിൽ, ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡും ഏറ്റെടുത്ത നടപടിക്ക് കമ്മീഷൻ അംഗീകാരം നൽകി, ”സിസിഐ ട്വീറ്റിൽ പറഞ്ഞു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സംരംഭങ്ങളെ 24,713 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാർ, എഫ്ബിബി, ഈസിഡേ, സെൻട്രൽ, ഫുഡ്ഹാൾ സംരംഭങ്ങളിലെ 1,800 സ്റ്റോറുകൾ ഇതോടെ റിലയൻസ് റീട്ടെയിലിന്റെ പക്കലാകും. ഇന്ത്യയിലെ 420 നഗരങ്ങളിൽ വ്യാപിച്ചിരിക്കുന്ന ബിസിനസ് ചെയിനാണ് ഇതിലൂടെ റിട്ടെയിലിന്റെ ഭാഗമാകുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് മേൽപ്പറഞ്ഞ ബിസിനസുകൾ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ (FEL) ലയിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടക്കുന്നത്.
undefined
ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര സംരംഭങ്ങളെ റിലയൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡിലേക്ക് (ആർആർഎഫ്എൽഎൽ) മാറ്റും. ഇത് റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ്.
ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് റീട്ടെയിൽ ഇടപാടിനെ എതിർത്ത് ആമസോൺ നിയമപോരാട്ടം നടത്തി വരുകയാണ്. ഇതിനിടെയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇപാടിന് അംഗീകാരം നൽകിയിരിക്കുന്നത്.