കിയാലിനെ ഓഡിറ്റിന് വിധേയമാക്കാനുളള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കിയാൽ കോടതിയെ സമീപിച്ചിരുന്നു.
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് (കിയാൽ) കൽപിത സർക്കാർ കമ്പനി പദവി ഉണ്ടെന്ന് ഇന്ത്യൻ ഓഡിറ്റ്സ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്. കേരള ഹൈക്കോടതിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സർക്കാരിനും പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 64.79 ശതമാനം ഓഹരി ഉളളതിനാൽ കൽപിത സർക്കാർ കമ്പനി പദവി കിയാലിനുണ്ട്. വിമാനത്താവള കമ്പനിയുടെ ഭരണ നിയന്ത്രണത്തിലും നയ തീരുമാനങ്ങളിലും കേരള സർക്കാരിന് കാര്യമായ നിയന്ത്രണം ഉണ്ട്. അതിനാൽ സിഎജി ഓഡിറ്റ് കിയാലിന് ബാധകമാകുമെന്നും ഇന്ത്യൻ ഓഡിറ്റ്സ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
കിയാലിനെ ഓഡിറ്റിന് വിധേയമാക്കാനുളള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കിയാൽ കോടതിയെ സമീപിച്ചിരുന്നു. പ്രസ്തുത ഹർജിയിലെ വിശദീകരണത്തിലാണ് വകുപ്പിന്റെ പരാമർശം.