ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ഒരു ആങ്കർ ബാങ്കിനെ നിയമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
മുംബൈ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലേലത്തിന് മുന്നോടിയായി ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് നീക്കങ്ങൾ സജീവമാക്കി വേദാന്ത ഗ്രൂപ്പ്. ഡെബ്റ്റ് ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് 8 ബില്യൺ ഡോളർ സമാഹരിക്കാനാണ് ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപകരുമായും ബാങ്കുകളുമായും നടത്തിവരുന്ന ഇതിന്റെ ഭാഗമായുളള ചർച്ചകൾ പുരോഗമിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ലണ്ടൻ ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ്പാണ് വേദാന്ത. ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ഒരു ആങ്കർ ബാങ്കിനെ നിയമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ജെ പി മോർഗനെയും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം വ്യവസായ ഗ്രൂപ്പ് ബിപിസിഎല്ലിലെ സർക്കാരിന്റെ 53 ശതമാനം ഓഹരി വാങ്ങാനുള്ള താൽപര്യം പത്രം സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ആസ്തി വിൽപ്പന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ബിപിസിഎൽ ഓഹരി വിൽപ്പനയിലൂടെ ഏകദേശം 45,000 കോടി വരുമാനമായി ഖജനാവിലേക്ക് എത്തുമെന്നാണ് കരുതുന്നത്.