ഓൺലൈൻ വിപണിയിൽ കരുത്താർജ്ജിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം.
മുംബൈ: ഓൺലൈൻ പലചരക്ക് സ്ഥാപനമായ ബിഗ് ബാസ്കറ്റിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. 68 ശതമാനം ഓഹരി വാങ്ങാനാണ് ആലോചന. 9300 കോടി മുതൽ 9500 കോടി വരെ നിക്ഷേപിക്കും. നിലവിൽ 13500 കോടിയാണ് ബിഗ്ബാസ്കറ്റിന്റെ ഓഹരി മൂലധനം.
അടുത്ത 4-5 ആഴ്ചക്കുള്ളിൽ ഇടപാട് നടക്കും. ഇതോടെ അലിബാബ, അബ്രാജ്, ഐഎഫ്സി തുടങ്ങിയ നിലവിലെ ഓഹരി ഉടമകൾ പുറത്താവും. സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ അടക്കമുള്ളവർ തുടരും. എന്നാൽ ഇടപാട് സംബന്ധിച്ച് പ്രതികരിക്കാൻ ടാറ്റ ഗ്രൂപ്പോ ബിഗ് ബാസ്കറ്റോ തയ്യാറായിട്ടില്ല.
undefined
ഓൺലൈൻ വിപണിയിൽ കരുത്താർജ്ജിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം. സൂപ്പർ ആപ്പ് വഴി വൻ വാണിജ്യ വികസനത്തിനാണ് നീക്കം. അതിനാൽ തന്നെ കുറഞ്ഞ നിക്ഷേപങ്ങൾ നടത്താനല്ല, വമ്പൻ നിക്ഷേപങ്ങളിലൂടെ മുന്നേറാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയിൽ കണ്ണുംനട്ടിരിക്കുകയാണ് ഭീമ കമ്പനികളായ ആമസോണും റിലയൻസും. ഇവരോട് കൊമ്പുകോർക്കാനാണ് കരുത്തരിൽ കരുത്തരായ ടാറ്റയുടെയും ശ്രമം. നിലവിൽ ബിഗ് ബാസ്കറ്റിന് പ്രതിമാസം 20 ദശലക്ഷം ഓർഡറാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. വാർഷിക വരുമാനത്തിൽ കഴിഞ്ഞ വർഷം കമ്പനി ഒരു ബില്യൺ ഡോളറെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തിരുന്നു.