ബിഇഎംഎല്ലിൽ 54 ശതമാനം ഓഹരിയാണ് സർക്കാരിനുളളത്.
ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിലെ 26 ശതമാനം ഓഹരികൾക്കായി പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എന്നിവയ്ക്ക് പിന്നാലെയാണ് ബിഇഎംഎല്ലിന്റെ ഓഹരി വിൽപ്പന സംബന്ധിച്ച നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
ബിഇഎംഎല്ലിൽ 54 ശതമാനം ഓഹരിയാണ് സർക്കാരിനുളളത്. ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ സർക്കാരിന് സ്ഥാപനത്തിന്റെ മാനേജ്മെന്റിലെ നിയന്ത്രണം കുറയും. ലേലം വിജയിച്ചെത്തുന്നവർക്ക് നിയന്ത്രണം കൈമാറേണ്ടി വരും.
undefined
ഓപ്പൺ മത്സര ബിഡ്ഡിംഗിലൂടെയാണ് വിൽപ്പന നടക്കുക, മാർച്ച് ഒന്നിനകം കമ്പനിയുടെ ലേലത്തിനായി താൽപ്പര്യപത്രം സമർപ്പിക്കണം.
എസ് ബി ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ ബിഇഎംഎല്ലിലെ ഓഹരി വിൽപ്പനയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി സർക്കാർ നിയമിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന കാറ്റഗറി -1 പൊതുമേഖല കമ്പനിയാണ് ബിഇഎംഎൽ. 1964 മെയ് 11 നാണ് കമ്പനി സംയോജിപ്പിച്ചത്.