ആനന്ദ് മഹീന്ദ്രയുടെ സ്ഥാനത്തിലെ ഈ മാറ്റം കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ അംഗീകരിച്ചു. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളും ഒരു നോൺ എക്സിക്യുട്ടീവ് ചെയർപേഴ്സണെ നിയമിക്കണമെന്നാണ് സെബിയുടെ പുതിയ നിബന്ധന.
ദില്ലി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്ത് ആനന്ദ് മഹീന്ദ്ര മാർച്ച് 31 വരെ മാത്രമേ തുടരൂ. ഇദ്ദേഹം ഏപ്രിൽ ഒന്ന് മുതൽ കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ചെയർമാനായിരിക്കുമെന്ന് കമ്പനി വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ആനന്ദ് മഹീന്ദ്രയുടെ സ്ഥാനത്തിലെ ഈ മാറ്റം കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ അംഗീകരിച്ചു. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളും ഒരു നോൺ എക്സിക്യുട്ടീവ് ചെയർപേഴ്സണെ നിയമിക്കണമെന്നാണ് സെബിയുടെ പുതിയ നിബന്ധന.
കമ്പനിയുടെ നിലവിലെ മാനേജിംഗ് ഡയറക്ടർ പവൻ കുമാർ ഗോയങ്കക്ക് ഏപ്രിൽ ഒന്ന് മുതൽ സിഇഒയുടെ അധിക ചുമതല കൂടിയുണ്ടാകും. 2020 നവംബർ 11 നാണ് അദ്ദേഹത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തെ കാലാവധി അവസാനിക്കുക. അന്ന് വരെ ഗോയങ്ക കമ്പനിയുടെ സിഇഒയും ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയിലെ ചുമതല മാറ്റത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. അനീഷ് ഷായാണ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ.
2021 മാർച്ച് 31 വരെ ഈ സ്ഥാനത്ത് അദ്ദേഹം തുടരും. പിന്നീട് ഗോയങ്ക സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ കമ്പനിയുടെ അടുത്ത മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അനീഷ് ഷാ ചുമതലയേൽക്കും. നാല് വർഷം ഇദ്ദേഹം ഈ സ്ഥാനത്ത് തുടരും. 2025 മാർച്ച് 31 നാവും കാലാവധി അവസാനിക്കുക.