ഫ്യൂചര്‍ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നിയമപോരാട്ടത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് കോംപറ്റീഷന്‍ കമ്മീഷന്റെ വിധി.
ദില്ലി: ആമസോണ്‍ (Amazon) 2019 ല്‍ ഫ്യൂചര്‍ ഗ്രൂപ്പുമായുണ്ടാക്കിയ (Future group) കരാര്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആമസോണിന് 200 കോടി രൂപ പിഴയും വിധിച്ചു. കരാര്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ ആമസോണ്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി. ഫ്യൂചര്‍ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നിയമപോരാട്ടത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് കോംപറ്റീഷന്‍ കമ്മീഷന്റെ വിധി. 200 ദശലക്ഷം ഡോളര്‍ ഫ്യൂചര്‍ ഗ്രൂപ്പില്‍ നിക്ഷേപിച്ചാണ് ആമസോണ്‍ ഇവരുമായി പങ്കാളിത്തത്തിലേക്ക് വന്നത്. എന്നാല്‍ 2019 ല്‍ ഫ്യൂചര്‍ ഗ്രൂപ്പിനെ റിലയന്‍സ് (Reliance) ഏറ്റെടുക്കുമെന്ന് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ കോടതിയിലേക്ക് എത്തിയത്. ഫ്യൂചര്‍ ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറിലെ നിബന്ധനകളായിരുന്നു ഇതുവരെ ആമസോണിന്റെ ആയുധം. എന്നാല്‍ സിസിഐ നടപടി ആമസോണിന് ഈ നിയമപോരാട്ടത്തില്‍ തന്നെ വലിയ തിരിച്ചടിയായി മാറും.
അതേസമയം ആമസോണിന് ഇനിയും രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. ആമസോണിന് തങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്ന് ഇനിയും സിസിഐക്ക് മുന്നില്‍ വാദിക്കാനാവും. എന്നാല്‍ സിസിഐ ഉത്തരവിനോട് ഇതുവരെ ഫ്യൂചര്‍ ഗ്രൂപ്പും റിലയന്‍സ് ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. മാറിയ സാഹചര്യം വിശദമായി പരിശോധിക്കുകയാണെന്നും അടുത്ത നടപടികളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും
ആമസോണ്‍ പ്രതികരിച്ചു.