ലേലത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ പുറത്തുവിടില്ല: എയർ ഇന്ത്യ ഓഹരി വിൽപ്പന ഇടപാട് 'കോഡ്' ഉപയോ​ഗിച്ച്

By Web Team  |  First Published Feb 5, 2021, 6:17 PM IST

2021-22 സാമ്പത്തിക വർഷത്തിൽ കടക്കെണിയിലായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 


ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ ട്രാൻസാക്ഷൻ അഡ്വൈസർ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വിവരങ്ങൾ സർക്കാരിന്റെ ഉപദേശപ്രകാരം ദേശീയ പ്രാധാന്യമുളള പ്രത്യേക ഏജൻസികളുമായി മാത്രമേ പങ്കിടാൻ കഴിയൂ എന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

“ലേല ന‌ടപടികളുടെ ഭാ​ഗമായ ഓരോ ബിഡ്ഡർമാർക്കും ട്രാൻസാക്ഷൻ അഡ്വൈസർ ഒരു കോഡ് നൽകും. ലേല നടപടികൾ, സൈറ്റ് സന്ദർശനങ്ങൾ, ബിഡ്ഡിംഗ് മുതലായ എല്ലാ പ്രവർത്തനങ്ങളും കോഡ് ഉപയോഗിച്ച് മാത്രം നടത്തും.“ മന്ത്രാലയത്തിന്റെ കീഴിലെ പൊതുമേഖല ഓഹരി വിൽപ്പന കൈകാര്യം ചെയ്യുന്ന വിഭാ​ഗമായ ഇൻവെസ്റ്റ്മെന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) പറഞ്ഞു. ഓഹരി വിൽപ്പന ഇടപാടിന്റെ ചുമതലയുളള ഉപദേഷ്ടാവ് നൽകിയിട്ടുളള കോഡ് ബിഡ്ഡറുടെ ഐഡന്റിറ്റിയായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

2021-22 സാമ്പത്തിക വർഷത്തിൽ കടക്കെണിയിലായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാനക്കമ്പനിയിലെ ഒരു ബോർഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കൺസോർഷ്യവും എയർ ഇന്ത്യയ്ക്കായി താൽപ്പര്യ പത്രം (ഇഒഐ) സമർപ്പിച്ച കക്ഷികളിൽ ഉൾപ്പെടുന്നു.

ഇവൈയ്ക്ക് ഇഒഐകൾ ലഭിച്ചു

കമ്പനിയുടെ ബോർഡ് അംഗവും കൊമേഴ്ഷ്യൽ ഡയറക്ടറുമായ മീനാക്ഷി മല്ലിക്കിന്റെ നേതൃത്വത്തിലാണ് എയർലൈനിലെ 219 ജീവനക്കാർ ഉൾപ്പെടുന്ന സംഘം വിമാനക്കമ്പനിയെ ഏറ്റെടുക്കാൻ രം​ഗത്തുളളത്. ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ടുമായി ചേർന്നാണ് സംഘത്തിന്റെ നീക്കം എന്നാണ് ലഭിക്കുന്ന സൂചന. 

എയർ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിൽപ്പനാപ്രവർത്തനങ്ങൾ ട്രാക്കിലാണെന്നും ട്രാൻസാക്ഷൻ അഡ്വൈസറായ ഇവൈയ്ക്ക് പങ്കെടുക്കുന്ന ലേലക്കാരിൽ നിന്ന് ഇഒഐകൾ ലഭിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല വ്യാഴാഴ്ച പറഞ്ഞു.

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിനുശേഷം ലാഭമുണ്ടാക്കാത്ത എയർ ഇന്ത്യയിലെ മുഴുവൻ ഓഹരിയുടെ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ലേല നടപടികൾ വിജയിക്കുന്ന ബിഡ്ഡറിന് ദേശീയ വിമാനക്കമ്പനിയുടെ ഉടമസ്ഥതതയിലുളള ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ 100% ഓഹരിയും പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളിൽ ​ഗ്രൗണ്ട് ഹാൻഡിം​ഗ്, ചരക്ക് സേവനങ്ങൾ എന്ന നൽകുന്ന കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് (ഐസാറ്റ്സ്) ന്റെ 50 ശതമാനം ഓഹരികളും ലഭിക്കും.

click me!