മറ്റൊരു പൊതുമേഖലാ സ്ഥാപനവും ഇല്ലാതാകുന്നു; വാങ്ങാന്‍ ആളില്ലെങ്കില്‍ ആറ് മാസത്തിനകം എയര്‍ ഇന്ത്യ പൂട്ടുമെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published Dec 30, 2019, 7:45 PM IST

പ്രതിവര്‍ഷം 60000 കോടി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി.


മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത ജൂണോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനകം  കമ്പനിയെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ കമ്പനി പൂട്ടുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം വില്‍പന നടപടികള്‍ ആരംഭിക്കും.

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ ജൂണില്‍ പൂട്ടുവീഴുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിവര്‍ഷം 60000 കോടി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. നേരത്തെ നഷ്ടത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് പൂട്ടിയിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയെ കരകയറ്റാനായി 30,520.21 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 2012ല്‍ യുപിഎ സര്‍ക്കാറാണ് 30000 കോടി നല്‍കിയത്. 

Latest Videos

undefined

ഇപ്പോള്‍ പ്രവര്‍ത്തന ചെലവിനായി 2400 കോടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 500 കോടി തരാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഈ അവസ്ഥയില്‍ ജൂണ്‍ വരെ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍. എയര്‍ഇന്ത്യ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8556.35 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അടുത്ത മാസത്തോടെ എയര്‍ ഇന്ത്യ വില്‍പന നടപടികള്‍ ആരംഭിക്കും. 

കടുത്ത പ്രതിസന്ധിയിലൂടെയാണ് എയര്‍ ഇന്ത്യ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വിമാനങ്ങളുടെ എന്‍ജിന്‍ മാറ്റാന്‍ പോലും കഴിയില്ല. എട്ടോളം വിമാനങ്ങളുടെ എന്‍ജിനാണ് കാലാവധി കഴിഞ്ഞ് മാറ്റാനിരിക്കുന്നത്. ഇതിനായി മാത്രം 1500 കോടി രൂപ വേണം. എന്‍ജിന്‍ കാലാവധി കഴിഞ്ഞതോടെ 12 ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്താതിരിക്കുന്നത്.  

click me!