സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും അടുത്ത ആറ് മാസത്തിനുള്ളിൽ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരാണ്.
ദില്ലി: രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും അടുത്ത ഒൻപത് മാസത്തിനുള്ളിൽ ഇ -ഷോപ്പിങിലേക്ക് മാറുമെന്ന് സർവേ ഫലം. ഇപ്പോൾ 46 ശതമാനത്തിൽ നിന്ന് അടുത്ത ആറ് മുതൽ ഒൻപത് മാസത്തിനിടയിൽ ഷോപ്പിങ് വലിപ്പം 64 ശതമാനമായി മാറുമെന്നാണ് ഫലം. ഐടി കമ്പനിയായ കാപ്ജെമിനിയാണ് രാജ്യത്താകമാനം സർവേ നടത്തിയത്.
ഏപ്രിൽ മാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു സർവേ നടത്തിയത്. മഹാമാരിക്ക് മുൻപ് 59 ശതമാനം പേരാണ് റീട്ടെയ്ൽ സ്ഥാപനങ്ങളിൽ നിന്ന് ഷോപ്പിങ് നടത്തിയത്. 46 ശതമാനത്തിലേറെ പേർ ഭാവിയിലും റീട്ടെയ്ൽ സ്ഥാപനങ്ങളിൽ ഷോപ്പിങ് നടത്തും. 72 ശതമാനം ഉപഭോക്താക്കളും വീടുകളിൽ സാധനങ്ങൾ എത്തിച്ച് നൽകുന്ന റീട്ടെയ്ൽ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ സാധനം ഭാവിയിൽ വേണ്ടെന്ന് വയ്ക്കുമ്പോൾ നൽകിയ പണം പൂർണ്ണമായി തിരിച്ച് നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും അടുത്ത ആറ് മാസത്തിനുള്ളിൽ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. എന്നാൽ, ലോകത്താകമാനം ഉള്ള ഉപഭോക്താക്കളിൽ 48 ശതമാനം പേർക്ക് മാത്രമാണ് ഈ വിശ്വാസം ഉള്ളത്.