കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്ന ക്രിയേറ്റിവുകളാണ് ബ്രാന്‍ഡുകള്‍ തങ്ങളുടെ പരസ്യ ഏജന്‍സികള്‍ വഴി കാമ്പയിനിലേക്ക് സമര്‍പ്പിക്കേണ്ടത്.
സമൂഹത്തില്‍ കോവിഡ് പ്രതിരോധ അവബോധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ (കെ3എ) മെഗാ പരസ്യ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ഔട്ട്ഡോര്‍ പരസ്യ കമ്പനിയായ സീറോ ഡിഗ്രിയുമായി സഹകരിച്ച് കൊച്ചി മെട്രോ പില്ലറുകളിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഔട്ട്ഡോര്‍ സോഷ്യല്‍ അവെയര്‍നസ് ക്രിയേറ്റിവ് കാമ്പയിന്‍-2020 എന്ന പേരിട്ടിരിക്കുന്ന കാമ്പയിന്‍ കേരളത്തിലെയും ദേശീയ തലത്തിലെയും ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്ന ക്രിയേറ്റിവുകളാണ് ബ്രാന്‍ഡുകള്‍ തങ്ങളുടെ പരസ്യ ഏജന്‍സികള്‍ വഴി കാമ്പയിനിലേക്ക് സമര്‍പ്പിക്കേണ്ടത്. കോവിഡ് അവബോധം, അതീജീവനം, കോവിഡ് പോരാളികള്‍ക്കുള്ള ആദരവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ക്രിയേറ്റീവുകള്‍ സമര്‍പ്പിക്കാം. ഇതില്‍ എതെങ്കിലും ഒരു വിഭാഗമോ ഒന്നിലധികം വിഭാഗങ്ങളോ തിരഞ്ഞെടുക്കാം.
ക്രിയേറ്റിവുകള്‍ മെയ് 20 വൈകിട്ട് 5 മണിക്ക് മുമ്പായി www.zerodegreegroup.com/osacc എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ഡോര്‍ സ്പെഷ്യലിസ്റ്റ് ഏജന്‍സി, മീഡിയ ഏജന്‍സി, ക്രിയേറ്റിവ് ഏജന്‍സി, ഫ്രീലാന്‍സ് അഡ്വര്‍ടൈസര്‍മാര്‍, ഫ്രീലാന്‍സ് അഡ്വര്‍ടൈസിംഗ് ഗ്രൂപ്പ് എന്നിവര്‍ക്ക് കാമ്പയിനില്‍ പങ്കെടുക്കാം. കാമ്പയിനിന്റെ ഭാഗമാകുന്നതിനു പ്രത്യേക എന്‍ട്രി ഫീസ് ഇല്ല. ഇത്തരത്തില്‍ ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പരസ്യങ്ങള്‍ സൗജന്യമായി കൊച്ചി മെട്രോ പില്ലറില്‍ 15 ദിവസത്തേക്ക് പ്രദര്‍ശിപ്പിക്കുമെന്ന് സീറോ ഡിഗ്രി എംഡി ഡാനി ആന്റണി അറിയിച്ചു. ഏറ്റവും കുറഞ്ഞത് 50 ബ്രാന്‍ഡുകളുടെ പരസ്യങ്ങളെങ്കിലും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
undefined
മെട്രോ പില്ലറില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രിയേറ്റിവുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് കെ3എ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോള്‍ഡ് കാറ്റഗറിയില്‍ മൂന്ന് വിജയികള്‍ക്ക് 50,000 രൂപ വീതവും സില്‍വര്‍ കാറ്റഗറിയില്‍ മൂന്നു വിജയികള്‍ക്ക് 25,000 രൂപ വീതവുമാണ് അവാര്‍ഡ്. തിരഞ്ഞെടുക്കപ്പെടുന്ന ക്രിയേറ്റിവുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കാമ്പയിന് ശേഷം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കെ3എ ജനറല്‍ സെക്രട്ടറി രാജു മേനോന്‍ അറിയിച്ചു.
കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണ നല്‍കുന്നതിനാണ് കാമ്പയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ കാലഘട്ടത്തില്‍ ബ്രാന്‍ഡുകളും പരസ്യ ഏജന്‍സികളും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ബോധവത്കരണത്തിന്റെയും ഭാഗമാകണമെന്നാണ് ഈ കാമ്പയിന്‍ കൊണ്ട് പ്രാഥമികമായും ഉദ്ദേശിക്കുന്നതെന്നും രാജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.
വിശദ വിവരങ്ങള്‍ക്ക് 93877 67676, 81138 38383 എന്നീ നമ്പറുകളിലോ osacc@zerodegreegroup.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.