കൽക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര കമ്പനിയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. ഇവർ 10 ലക്ഷം ടൺ കൽക്കരി പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് വിദേശത്ത് നിന്നും എത്തിക്കും
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് (NTPC Ltd) വിദേശത്ത് നിന്ന് കൽക്കരി എത്തിക്കുന്നതിനുള്ള കരാറിന്റെ ടെന്റർ അദാനി ഗ്രൂപ്പ് (Adani Enterprises Ltd) നേടി. കഴിഞ്ഞ വർഷം നേരിട്ട കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇതാവർത്തിക്കാതിരിക്കാനായാണ് വിദേശത്ത് നിന്ന് കൽക്കരി എത്തിക്കുന്നത്. കൽക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര കമ്പനിയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. ഇവർ 10 ലക്ഷം ടൺ കൽക്കരി പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് വിദേശത്ത് നിന്നും എത്തിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചരിത്രത്തിലാദ്യമായി കൽക്കരി ഇറക്കുമതി ചെയ്ത് എത്തിക്കുന്നതിന് എൻടിപിസി ടെന്റർ ക്ഷണിച്ചത്. എന്നാൽ കരാർ വിവരങ്ങൾ ഇപ്പോഴും രഹസ്യമാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാമോദർ വാല്ലീ കോർപറേഷൻ ലിമിറ്റഡും എൻടിപിസിയുടെ ടെന്റർ പോലെ അദാനി ഗ്രൂപ്പുമായി കരാറിലേർപ്പെടാൻ ആലോചിക്കുന്നുണ്ട്.
undefined
എന്നാൽ മൂന്ന് കമ്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയിൽ നിന്നാണ്. വരും വർഷങ്ങളിൽ ഉപഭോഗം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ ഹരിതോർജ്ജ സംവിധാനങ്ങളെ പരിപോഷിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും ശ്രമിക്കുന്നത്.
ഓസ്ട്രേലിയയിലെ തങ്ങളുടെ വിവാദമായ പ്ലാന്റിൽ നിന്ന് കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് കൽക്കരി കാർഗോ കടൽമാർഗം കയറ്റി അയക്കാൻ തുടങ്ങിയത്. ഈ കപ്പൽ എത്തിയത് ഇന്ത്യയിലേക്കാണെങ്കിലും ആരാണ് ഇത് വാങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒക്ടോബറിൽ അന്താരാഷ്ട്ര വിപണിയിൽ കൽക്കരി വില കുതിച്ചുയർന്നത് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ ഒന്നാകെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.