വീണ്ടും വായ്പാ തട്ടിപ്പ്: എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നിന്ന് എബിജി ഷിപ് യാര്‍ഡ് തട്ടിയത് 22842 കോടി

By Web Team  |  First Published Feb 12, 2022, 8:17 PM IST

സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പാണിത്. കേസുമായി ബന്ധപ്പെട്ട് സൂറത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കമ്പനിയും കേസില്‍ പ്രതിയാണ്.
 


ദില്ലി: രാജ്യത്ത് വീണ്ടും വമ്പന്‍ കമ്പനിയുടെ വായ്പാ തട്ടിപ്പ് (Loan fraud). എബിജി ഷിപ്പ്യാര്‍ഡ് (AGB Shipyard) കമ്പനിയാണ് 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. എസ്ബിഐ (SBI) അടക്കമുള്ള 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ സിബിഐ (CBI) കേസെടുത്തു. എട്ട് പ്രതികളാണ് കേസിലുള്ളത്. സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പാണിത്. കേസുമായി ബന്ധപ്പെട്ട് സൂറത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കമ്പനിയും കേസില്‍ പ്രതിയാണ്. കമ്പനി ഡയറക്ടര്‍മാരായ റിഷി അഗര്‍വാള്‍, സന്തനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരും പ്രതികളാണ്. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അടക്കമുള്ളവര്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിയതിനേക്കാള്‍ കൂടുതല്‍ തുകയാണ് എബിജി ഷിപ്പ്യാര്‍ഡ് തട്ടിയെടുത്തതെന്ന് സിബിഐ കേസില്‍ നിന്ന് വ്യക്തമാകുന്നു.

എസ്ബിഐയുടെ പരാതിയില്‍ നടത്തിയ ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2012 ഏപ്രില്‍ -2017 ജൂലൈ കാലത്ത് കമ്പനി അധികൃതര്‍ വായ്പയെടുത്തതായി വ്യക്തമായി. തുക വകമാറ്റി, വിശ്വാസ വഞ്ചന നടത്തി, രേഖകളില്‍ കൃത്രിമം കാട്ടി തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂറത്തില്‍ 18000 ഡെഡ് വെയ്റ്റ് ടണേജ് വരെ ഭാരമുള്ള കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ദഹേജില്‍ 120000 ഡെഡ് വെയ്റ്റ് ടണേജ് വരെ ശേഷിയുള്ള കപ്പലുകള്‍ നിര്‍മ്മിക്കാനും കമ്പനിക്ക് കഴിയും. ഇതുവരെ 165 കപ്പലുകള്‍ ഇവ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ 46 എണ്ണം വിദേശത്തേക്കുള്ളവയായിരുന്നു.

Latest Videos

16 വര്‍ഷമായി മേഖലയില്‍ കമ്പനി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കമ്പനിക്ക് വായ്പാ തിരിച്ചടവ് ദുഷ്‌കരമാക്കിയത്. എസ്ബിഐക്ക് 2925 കോടി, ഐസിഐസിഐ ബാങ്കിന് 7089 കോടി, ഐഡിബിഐക്ക് 3634 കോടി, ബാങ്ക് ഓഫ് ബറോഡയ്ക്ക് 1614 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കിന് 1244 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1228 കോടിയുമാണ് കമ്പനി നല്‍കാനുള്ളത്.
 

click me!